ദില്ലി: കഴിഞ്ഞവര്‍ഷത്തെയും ഈ വര്‍ഷത്തെയും ജ്ഞാനപീഠ പുരസ്‌കാരങ്ങള്‍ (Jnanpith Award) പ്രഖ്യാപിച്ചു. അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ കഴിഞ്ഞ വർഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായി. ഈ വര്‍ഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരം കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോയ്ക്കാണ്.
സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുര്‍ ലഗ്‌ന, കോബിത തുടങ്ങി ശ്രദ്ധേയമായ നിരവധി രചനകള്‍ നീൽമണി ഫൂക്കന്‍റേതായി പുറത്തുവന്നിട്ടുണ്ട്. കവിതാ സമാഹരമായ കോബിത 1981ല്‍ അസം സാഹിത്യ അക്കാദമി അവാഡിന് അർഹമായി. ഗോവൻ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദർ മോസോ. 1990-ൽ നീൽമണിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1981-ലെ അസമീസ് സാഹിത്യ അക്കാദമി അവാർഡും 2002-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി.

