Saturday, April 20, 2024
spot_img

കാലം നമിക്കുന്നു ഈ കർമ്മയോഗിയെ ,സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ നൂറ്റിയൊന്നാം ജന്മവാർഷികത്തിൽ അനുസ്മരണവുമായി ജ്ഞാനാനന്ദ ആശ്രമം

തൃശ്ശൂർ: സ്വാമി പരമേശ്വരാനന്ദ സരസ്വതിയെ അനുസ്മരിച്ച് ജ്ഞാനാനന്ദ ആശ്രമം. ‘കേസരി’ വാരികയുടെ ആദ്യകാലപത്രാധിപരും സ്വാമി വിവേകാനന്ദസ്മാരകത്തിന്റെ ആദ്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ആദ്യകാലങ്ങളിൽ സാധുശീലൻ പരമേശ്വരൻ പിള്ള എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാൽ സന്യാസം സ്വീകരിച്ചതോടെയാണ് സ്വാമി പരമേശ്വരാനന്ദ സരസ്വതി എന്നപേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. അതേസമയം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും, സാമൂഹികപരിഷ്കർത്താവും കൂടിയാണ്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ നൂറ്റിയൊന്നാം ജന്മദിനം . ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം സ്ഥാപിച്ച ഇരുന്നിലാങ്കോട് ജ്ഞാനാനന്ദകുടീരത്തിലെ സ്മൃതിമണ്ഡപത്തിൽ ഗുരുപൂജയും വിവിധ ആധ്യാത്മിക പരിപാടികളും നടന്നു. ആഘോഷ ചടങ്ങുകൾക്ക് സ്വാമി നിഖിലാനന്ദയാണ് നേതൃത്വം നൽകിയത്. പ്രമുഖവ്യക്തികൾ സ്വാമിജിയുടെ ജീവിതത്തെയും സേവനപ്രവർത്തനങ്ങളെയും കുറിച്ച് പരിപാടിയിൽ അനുസ്മരിച്ചു.

എന്നാൽ സാധുശീലന്‍ പരമേശ്വരന്‍ പിള്ള എന്ന നാട്ടിന്‍പുറത്തുകാരനില്‍നിന്നും സ്വാമി പരമേശ്വരാനന്ദ സരസ്വതിയെന്ന സന്യാസി ശ്രേഷ്ഠനിലേക്കുള്ള അവസ്ഥാന്തരം എഴുതിത്തീരാത്ത സമാഹാരമാണ്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനടുത്ത് ആലിന്‍തറ മുദാക്കല്‍ വാവുകോണത്ത് വീട്ടില്‍ 1920 ആഗസ്റ്റ് 14 ന് (1095 കര്‍ക്കടകം 30ന് ) കൃഷ്ണപിള്ളയുടേയു ലക്ഷ്മിയമ്മയുടേയും മകനായിട്ടായിരുന്നു പരമേശ്വരന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്‍ക്കത്തയില്‍ തുടര്‍പഠനം. അവിടെ വച്ച്, ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഹൈന്ദവജനതക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളില്‍ മനംനൊന്ത സാധുശീലന്‍ പിന്നീട് ഹിന്ദുധര്‍മ പ്രചാരകനായി. 1942 ല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിലക്കു ലംഘിച്ച് ത്രിവര്‍ണപതാക ഉയര്‍ത്തിയ ദേശാഭിമാനികളില്‍ സാധുശീലനുമുണ്ടായിരുന്നു. അന്ന് അദ്ദേഹം ദല്‍ഹിയില്‍ വാര്‍ത്താവിനിമയ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. ജോലി രാജിവച്ചാണ് ദല്‍ഹി കേന്ദ്രമായ അഖിലഭാരത ആര്യഹിന്ദു ധര്‍മ സേവാസംഘത്തിന്റെ പ്രവര്‍ത്തകനായത്.

1955 ല്‍, മലബാറില്‍ ആലക്കോട് ആരംഭിച്ച ഹിന്ദുധര്‍മ സമാജത്തിന്റെ സ്ഥാപക സെക്രട്ടറിയായി. ആയിടയ്ക്കാണ് വിവാഹിതനാകുന്നത്. ആര്യഹിന്ദു ധര്‍മസേവാ സംഘത്തിന്റെ ദക്ഷിണഭാരത പ്രചാരകന്‍, കന്യാകുമാരി വിവേകാനന്ദസ്മാരക സ്ഥാപക സെക്രട്ടറി, കേസരി വാരികയുടെ ആദ്യകാല പത്രാധിപര്‍, മലബാറിലെ ഹിന്ദുസമാജ സെക്രട്ടറി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി. ഹിന്ദുധര്‍മപരിചയം, കന്യാകുമാരിയും ചുറ്റുക്ഷേത്രങ്ങളും, മഹാത്മാഗാന്ധി; മാര്‍ഗവും ലക്ഷ്യവും എന്നിങ്ങനെ ഒട്ടനവധി കൃതികള്‍ രചിച്ചു. വിവേകാനന്ദസ്വാമികള്‍ക്ക് ശ്രീപാദ പാറയില്‍സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍, അന്ന് കേസരി വാരികയുടെ പത്രാധിപരായിരുന്ന സാധുശീലന്‍ കന്യാകുമാരിയിലെത്തി വിവേകാനന്ദ സ്മാരക കമ്മിറ്റിയുടെ ഓണറബിള്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

അതേസമയം ശ്രീരാമകൃഷ്ണമിഷനുമായി ബന്ധപ്പെട്ട് അനവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. 1980 ലെ ജന്മാഷ്ടമി ദിനത്തില്‍ സാധുശീലന്‍ പരമേശ്വരന്‍ പിള്ള, സ്വാമി പരമേശ്വരാനന്ദ സരസ്വതി എന്ന നാമധേയത്തില്‍ സ്വാമി ജ്ഞാനാനന്ദസരസ്വതിയില്‍നിന്നും സന്യാസം സ്വീകരിച്ച് ശങ്കരാചാര്യരുമായി ബന്ധപ്പെട്ട സംന്യാസപരമ്പരയുടെ കണ്ണിയായി. കന്യാകുമാരിയില്‍ ആനന്ദകുടീരം എന്ന പേരില്‍ ജ്ഞാനാനന്ദസരസ്വതിയും ശ്രീകൃഷ്ണമന്ദിരം എന്ന പേരില്‍ പരമേശ്വരാനന്ദസരസ്വതിയും ആശ്രമങ്ങള്‍ സ്ഥാപിച്ച് കര്‍മനിരതരായി. അവസാനകാലത്ത് വീണ്ടും കുറേനാള്‍ കന്യാകുമാരിയിലെത്തിയിരുന്നു. വെഞ്ഞാറമൂട്ടിലെ വീട്ടിലേക്ക് മക്കള്‍ വിളിച്ചതിനെത്തുടര്‍ന്ന് പോയെങ്കിലും ഗൃഹസ്ഥാശ്രമമില്ലെന്നതിനാല്‍ തിരികെ ഇരുന്നിലാങ്കോട്ടെത്തി, ഏഴാംനാള്‍ ജ്ഞാനാനന്ദാശ്രമത്തില്‍ വച്ച് 2009ല്‍ അദ്ദേഹം സമാധിയായി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles