Monday, May 6, 2024
spot_img

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു! 2 പേർ മരിച്ചത് നിപ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ; കോഴിക്കോട്ട് കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു. ജില്ലയിൽ 2 പേർ മരിച്ചത് നിപ ബാധ മൂലമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രത്തിന്റെ ആരോഗ്യ വിദഗ്‌ദരടങ്ങുന്ന സംഘം ഉടൻ തന്നെ സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും.

മരിച്ച രണ്ട് പേർക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായതോടെയാണു പരിശോധിച്ചത്. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലുണ്ട്. നിപ്പ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി വിവരം സർക്കാരിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.

ഓഗസ്റ്റ് 30നാണ് ആദ്യം മരണം സംഭവിച്ചത്. മരുതോങ്കര സ്വദേശിയാണ് മരിച്ചത്. ഇയാളുടെ നാലും ഒൻപതും വയസ്സുള്ള രണ്ട് മക്കളും ഒരു ബന്ധുവും ചികിത്സയിലുള്ളത്. ഇതിൽ മക്കളുടെ ആരോഗ്യസ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. ഒൻപതു വയസ്സുകാരൻ നിലവിൽ വെന്റിലേറ്ററിലാണ്. ബന്ധുവായ 25 വയസ്സുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. തിങ്കളാഴ്ചയാണ് അടുത്തയാൾ മരിച്ചത്. ആദ്യ രോഗി മരിച്ചപ്പോൾ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. മരിച്ച രണ്ടു പേർക്കും നിപ്പ ലക്ഷണങ്ങൾ ഉണ്ടായതോടെ സാംപിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

കേരളത്തിൽ ആദ്യം നിപ്പ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ട് 2018 മേയിലായിരുന്നു. അന്ന് വൈറസ് ബാധിച്ച 18 പേരില്‍ 17 പേരും മരണത്തിന് കീഴടങ്ങി. ദക്ഷിണേന്ത്യയിലെ ആദ്യ നിപ വൈറസ് വ്യാപനവും ഇതായിരുന്നു. പിന്നീട് 2019 ജൂണിൽ കൊച്ചിയിലും രോഗബാധ സ്ഥിരീകരിച്ചു. നിപ്പ ബാധിച്ച ഇരുപത്തിമൂന്നുകാരനായ വിദ്യാർത്ഥിയെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിച്ചു. 2021 ഓഗസ്റ്റ്-സെപ്റ്റംബറില്‍ കോഴിക്കാട്ട് നിപ്പ ബാധ റിപ്പോർട്ട് ചെയ്തിരുന്നു.പാഴൂർ സ്വദേശി മുഹമ്മദ് ഹാഷിം (12) രോഗബാധ മൂലം മരിച്ചു,

നിപ്പ സ്ഥിരീകരിച്ചതോടെ കോഴിക്കോട്ട് കൺട്രോൾ റൂം തുറന്നു. 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Related Articles

Latest Articles