Sunday, May 19, 2024
spot_img

കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത; നിപ സ്ഥിരീകരിച്ച വാർഡ് അടച്ചു; 17 പേര്‍ നിരീക്ഷണത്തിൽ

കോഴിക്കോട്: വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂർ വാർഡ് അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. പനി, ശർദ്ദി അടക്കമുള്ള ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ 17 പേർ നിരീക്ഷണത്തിലാണ്. കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ അ‍ഞ്ച് പേരാണ് ഉള്ളത്. രോഗം ബാധിച്ച് മരിച്ച 12 വയസുകാരന്‍റെ സംസ്ക്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ 9 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ യോഗം ചേരും. ആരോഗ്യമന്ത്രിക്ക് നൽകേണ്ട പ്ലാൻ തയ്യാറാക്കും. ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തും. സ്ഥിതി വിലയിരുത്താന്‍ 12 മണിക്ക് ഉന്നതതലയോഗവും ചേരും.

അതേസമയം, കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ മൃതദേഹം സംസ്കരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ആരോഗ്യപ്രവർത്തകരും പൊലീസും സ്ഥലത്തിയിട്ടുണ്ട്. നൂറ് മീറ്റർ ചുറ്റളവിൽ ആരെയും കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018 ൽ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്കരിച്ചിരുന്നത്. അതിനിടെ, കേരളത്തിലെ നിപ ബാധ കേന്ദ്രം നിരീക്ഷിച്ചു. സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീം സംസ്ഥാനത്തേക്ക് തിരിച്ചു. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു.

ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. നിപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ക്രമീകരണങ്ങൾ ഉള്ളതിനാൽ അത് തുടർന്ന് പോകുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി യുടെ നേതൃത്വത്തിൽ വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കൊവിഡ് സഹചര്യമായതിനാൽ ആശുപത്രികളിൽ നല്ല തയ്യാറെടുപ്പുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles