Thursday, April 25, 2024
spot_img

നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് പൊളിച്ചു; തകര്‍ത്തത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌

മുംബൈ: പി.എന്‍.ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ 100 കോടി രൂപ മൂല്യം വരുന്ന ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ച്‌ തകര്‍ത്തു. പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച്‌​ നിര്‍മിച്ച 58 കെട്ടിടങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ്​ ബംഗ്ലാവ്​ തകര്‍ത്തത്​. റായിഗഢിലെ അലിബഗിലുള്ള കെട്ടിടങ്ങളാണ്​ അനധികൃതമെന്ന്​ കണ്ടെത്തിയത്​.

കയ്യേറ്റങ്ങളും നി‍ര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബം​ഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. 33,000 സ്വകയര്‍ ഫീറ്റ്​ വിസ്​തീര്‍ണ്ണമുള്ളതാണ്​ ബംഗ്ലാവ്​. 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാന്‍ നീരവ് മോദി ഉപയോഗിച്ചതെന്നാണ് വിവരം. ഡ്രൈവ്​ വെ, സെക്യൂരിറ്റി ഗേറ്റ്​, സ്വിമ്മിംഗ്​ പൂള്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ബംഗ്ലാവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്​.

റിസോര്‍ട്ടിന്​ സമാനമായ ആഢംബര സൗകര്യങ്ങളും ബംഗ്ലാവിലുണ്ട്​. മുപ്പത് കിലോ സ്ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്‌തുക്കള്‍ ലേലത്തില്‍ വയ്‌ക്കും.

Related Articles

Latest Articles