Friday, May 10, 2024
spot_img

നിര്‍ഭയക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ബാനുമതി കുഴഞ്ഞു വീണു, പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

ദില്ലി: നിര്‍ഭയക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ബാനുമതി കുഴഞ്ഞുവീണു. കോടതി ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ജഡ്ജിയെ ചേംബറിലേക്ക് മാറ്റി. ജഡ്ജിക്ക് കടുത്ത പനിയായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ച്.

അതേസമയം, രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ അഭിഭാഷകനെ കോടതി വിമര്‍ശിച്ചു.

രാഷ്ട്രപതിയുടെ തീരുമാനം പക്ഷപാതപരമാണെന്നാണ് വിനയ് ശര്‍മ ആരോപിച്ചത്. തീഹാര്‍ ജയില്‍ വാസം കാരണം മാനസിക പ്രശ്നങ്ങളുണ്ടെന്നും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നും വിനയ് ശര്‍മ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കോടതി തള്ളി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി മുകേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇതേ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

നേരത്തെ, വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ പ്രതികളായ വിനയ് ശര്‍മയ്ക്കും അക്ഷയ് കുമാര്‍ സിംഗിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിരുന്നു. പവന്‍കുമാറിന് അഭിഭാഷകന്‍ ഇല്ലാത്ത സാഹചര്യത്തില്‍ മുതിര്‍ന്ന അഭിഭാഷക അഞ്ജന പ്രകാശിനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു.

Related Articles

Latest Articles