ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിലേക്ക് എത്തുന്നു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വരാനിരിക്കുന്ന ഓണം സീസൺ കളറാക്കാൻ ഓഗസ്റ്റ് 21-നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ‘ഓണത്തിന്!’ എന്ന അടിക്കുറിപ്പോടെ നിവിൻ പോളി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ റിലീസ് തീയതിയും പുതിയ പോസ്റ്ററും പങ്കുവെച്ചത്.
നിവിൻ പോളിയും ചിത്രത്തിലെ നായികയായ തെന്നിന്ത്യൻ താരം മമിത ബൈജുവുമാണ് പുതിയ പോസ്റ്ററിലുള്ളത്. ഇവരുടെ കോമ്പോ സ്ക്രീനിൽ കാണാൻ വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. മലയാള സിനിമയിൽ വിജയചിത്രങ്ങൾ മാത്രം സമ്മാനിച്ചിട്ടുള്ള ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നുണ്ട്. തീയേറ്ററുകളിൽ ഒരു വലിയ ഓണം വിരുന്ന് തന്നെയായിരിക്കും ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്നത്.
മികച്ച ഒരു അണിയറപ്രവർത്തക നിര തന്നെയാണ് ഈ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. അജ്‌മൽ സാബു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് വിഷ്ണു വിജയ് ആണ്. ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും വിനായക് ശശികുമാർ ഗാനരചനയും നിർവ്വഹിക്കുന്നു. ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. പ്രൊഡക്ഷൻ കൺട്രോളറായി റിച്ചാർഡും ആർട്ട് ഡയറക്ടറായി ആഷിക് എസും പ്രവർത്തിക്കുന്നു. ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂമും റോണക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുമ്പോൾ, ജംഷീർ പുരക്കാട്ടിരി പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും റിൻസൺ എം.ബി സ്റ്റിൽസ് ഫോട്ടോഗ്രാഫറായും പ്രവർത്തിക്കുന്നു. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പി.ആർ.ഒ.

