Friday, May 17, 2024
spot_img

പ്രഗ്യാസിങ് താക്കൂറിന് മാപ്പു നല്‍കില്ലെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഗാന്ധിജിയെ അവഹേളിച്ച പ്രഗ്യാസിങ് താക്കൂറിന് മാപ്പു നല്‍കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് പ്രജ്ഞ വിളിച്ചത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.

പ്രജ്ഞയുടെ ഈ പരാര്‍മശത്തിന് മാപ്പില്ല. ഒരഭിമുഖത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ നടത്തും മുന്‍പ് നേതാക്കള്‍ നൂറു വട്ടം ആലോചിക്കണം.വിവാദ പരാമര്‍ശത്തില്‍ പ്രഗ്യ മാപ്പു പറഞ്ഞിരുന്നു. പക്ഷെ തനിക്ക് മാപ്പു നല്‍കാന്‍ ആവില്ലെന്ന് മോദി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ മുന്നൂറിലേറെ സീറ്റുകളുമായി ബിജെപി വീണ്ടും ഭരണത്തില്‍ വരുമെന്ന് മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് യന്ത്രത്തിലെ താമര ചിഹ്നത്തില്‍ നിങ്ങള്‍ വിരലമര്‍ത്തുമ്പോള്‍ നിങ്ങള്‍ ഭീകരര്‍ക്കെതിരെ തോക്കിന്റെ കാഞ്ചി വലിക്കുകയാണ്.

23ന് ഫലം വരുമ്പോള്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ രണ്ടാമതും തെരഞ്ഞെടുത്ത് ജനങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നത് നമുക്ക് കാണാം. ജമ്മുകശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്നു പറയുന്നവരെ ഇക്കുറി ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി തുടര്‍ന്നു.

Related Articles

Latest Articles