Sunday, January 11, 2026

ദീപാവലിക്ക് ബോണസില്ല !! പണം വാങ്ങാതെ വാഹനം കടത്തിവിട്ട് ടോള്‍പ്ലാസ ജീവനക്കാരുടെ പ്രതിഷേധം; കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടം

ദില്ലി: ദീപാവലി ബോണസ് നല്‍കാത്തതിനെത്തുടർന്ന് ടോള്‍ വാങ്ങാതെ വാഹനങ്ങളെ കടത്തി വിട്ട് ടോൾപ്ലാസ ജീവനക്കാരുടെ പ്രതിഷേധം. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഫത്തേഹാബാദ് ടോള്‍ പ്ലാസയിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. 21 ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ടോള്‍ അടയ്ക്കാതെ കടന്നുപോയത്. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്.

ശ്രീസായ് ആന്‍ഡ് ദത്തര്‍ എന്ന കമ്പനിയാണ് ഫത്തേഹാബാദ് പ്ലാസയുടെ നടത്തിപ്പുകാര്‍. ബോണസ് ലഭിക്കാതെ വന്നതോടെ ജീവനക്കാര്‍, ഞായറാഴ്ച രാത്രി ടോള്‍ ബൂത്തിലെ ബൂം ബാരിയര്‍ ഉയര്‍ത്തിവെച്ച് സമരത്തിനിറങ്ങുകയായിരുന്നു. പത്തുമണിക്കൂറോളം നീണ്ട സമരം, ഒടുവിൽ ബോണസ് നല്‍കാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് പിന്‍വലിക്കപ്പെട്ടത്.

കഴിഞ്ഞ ഒരുകൊല്ലമായി ഈ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും എന്നാല്‍ ഇതുവരെ യാതൊരു ബോണസും ലഭിച്ചിട്ടില്ലെന്നും ശമ്പളംപോലും കൃത്യമായി ലഭിക്കാറില്ലെന്നും സമരത്തില്‍ പങ്കെടുത്ത ജീവനക്കാർ പറഞ്ഞു.

Related Articles

Latest Articles