Tuesday, October 20, 2026

ഇനി സിനിമ വേണ്ട; സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ വിലക്കി; അതീവ സുരക്ഷ കണക്കിലെടുത്തെന്ന് വിശദീകരണം; ഔദ്യോഗിക ചിത്രീകരണങ്ങൾ പിആർഡി യുടെ നേത്യത്വത്തിൽ നടത്തും

തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാകും ഇനി ചിത്രീകരണത്തിന് അനുമതി. സെക്രട്ടറിയേറ്റും പരിസരവും അതീവ സുരക്ഷ മേഖലയായത് കൊണ്ട് ഇനിമുതല്‍ ചിത്രീകരണം അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ ആഭ്യന്തരവകുപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേത്യത്വത്തിൽ നടത്തുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സിനിമാ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്കായി നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് ലഭിക്കാറുണ്ട്. നേരത്തെ സിനിമാ-സീരിയല്‍ ചിത്രീകരണത്തിന് അനുമതി നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇത് സെക്രട്ടേറിയേറ്റിനും സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കും സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സര്‍ക്കുലറിൽ വ്യക്തമാക്കുന്നു.

സിനിമാ സീരിയൽ ചിത്രീകരണത്തിനായി നിരവധി ആളുകള്‍ സെക്രട്ടേറിയേറ്റിനുള്ളില്‍ കടക്കുന്നുണ്ട്. ഇവരെ എല്ലാവരെയും പരിശോധിച്ച് കടത്തിവിടുക എന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിനുള്ളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സര്‍ക്കുലറിൽ പറയുന്നു.

സെക്രട്ടേറിയേറ്റില്‍ ചിത്രീകരണത്തിന്റെ ഭാഗമായി ചിലപ്പോള്‍ മോടിപിടിപ്പിക്കലുകള്‍ നടക്കുന്നുണ്ട്. സെക്രട്ടേറിയേറ്റ് ഒരു പൈതൃക കെട്ടിടമാണ്. ഇതിന് കേടുപാടുണ്ടാക്കുന്ന വിധത്തിലുള്ള മോടിപിടിപ്പിക്കലുകളും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി സെക്രട്ടേറിയേറ്റും പരിസര പ്രദേശവും വലിയ സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് നിരവധി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സെക്രട്ടേറിയേറ്റ് സംരക്ഷണച്ചുമതലയുള്ള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഫോഴ്‌സും സമാനമായ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടായിരുന്നു.

Related Articles

Latest Articles