Friday, April 26, 2024
spot_img

പിണറായി വിജയൻറെ കൊച്ചുമകന് വിദേശത്ത് കറങ്ങാൻ ഖജനാവിൽ പണമുണ്ട്; സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിക്കാൻ പണമില്ലെന്ന് ധനവകുപ്പ്; അദ്ധ്യാപകർ കോടതി കേറുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും വിദേശയാത്രകൾക്കും മറ്റും പണം അനുവദിക്കുന്ന ധനവകുപ്പിന് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിക്കാൻ പണമില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്സ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യവും പോഷക സമ്പുഷ്ടവുമായ ഉച്ചഭക്ഷണം നൽകണം. ഇതിനായുള്ള ചെലവിന്റെ 60 ശതമാനവും വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. എന്നിട്ടും നിലവിൽ നാമമാത്രമായ തുക വർദ്ധിപ്പിക്കാൻ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന ധനവകുപ്പ് തയ്യാറാകുന്നില്ല. നിലവിൽ 150 കുട്ടികൾ വരെയുള്ള സ്കൂളുകൾക്ക് 8 രൂപയാണ് ഒരു വിദ്യാർത്ഥിക്ക് അനുവദിക്കുന്നത്. 150 നും 500 നും ഇടയിൽ കുട്ടികളുള്ള സ്കൂളുകൾക്ക് 7 രൂപയും അഞ്ഞൂറിലധികം കുട്ടികളുള്ള സ്കൂളുകൾക്ക് 6 രൂപയുമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ 2 ദിവസം പാലും 1 ദിവസം മുട്ടയും നൽകണമെന്നുള്ള സർക്കാർ നിർദ്ദേശം അടക്കം പാലിക്കേണ്ട സാഹചര്യത്തിൽ നിലവിലെ തുക അപര്യാപ്തമാണെന്ന് വ്യക്തം. ഉടൻ തുക വർദ്ധിപ്പിച്ചില്ലെങ്കിൽ പദ്ധതി നിലക്കുമെന്ന ഘട്ടത്തിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ തുക വർദ്ധിപ്പിക്കാതെ ഒളിച്ചുകളിയ്ക്കുകയാണ്.

എത്ര രൂപ വർധിപ്പിച്ചാലും 60 % കേന്ദ്രമാണ് നൽകുന്നതെങ്കിലും സംസ്ഥാന വിഹിതം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കുട്ടികളുടെ മിനിമം പോഷകാഹാര ആവശ്യങ്ങൾക്കുള്ള തുകപോലും അനുവദിക്കാതെയാണ് സർക്കാരും സിപിഎമ്മും കുട്ടികൾക്ക് എന്തുകൊണ്ട് നോൺ വെജ്ജ് ഭക്ഷണം നൽകുന്നില്ലെന്ന് ചർച്ചകൾക്ക് കൂട്ടുനിൽക്കുന്നത് എന്നത് ഏറെ രസകരമാണ്. 2016മുതല്‍ നല്‍കി വരുന്ന ഈ തുക പരിഷ്കരിക്കുമെന്നാവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകർ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമടക്കം നടത്തി. അതും ഫലം കാണാതെ വന്നതോടെയാണ് കേരള പ്രവൈറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുക വര്‍ദ്ധിപ്പിക്കാത്ത പക്ഷം ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിദ്യാഭ്യാസ വകുപ്പ് പലവട്ടം ശുപാര്‍ശ നല്‍കിയെങ്കിലും സാന്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കാത്തതാണ് പ്രധാന പ്രതിസന്ധി.

Related Articles

Latest Articles