Saturday, May 18, 2024
spot_img

‘ലക്ഷദ്വീപിലെ ജനങ്ങൾ രാജ്യസ്‌നേഹികൾ, ലോകത്തെ ഒരു ശക്തിക്കും അത് ചോദ്യം ചെയ്യാനാകില്ല’; കേന്ദ്രസർക്കാരിന്റെ ഹൃദയത്തിലാണ് ഇവിടെയുളള ജനങ്ങളുടെ സ്ഥാനമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

കവരത്തി: ലക്ഷദ്വീപിലെ ജനങ്ങളുടെ രാജ്യസ്‌നേഹത്തിൽ ആർക്കും സംശയം വേണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.

മാത്രമല്ല ലോകത്തെ ഒരു ശക്തിക്കും അതിൽ സംശയിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു . ലക്ഷദ്വീപിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ… ‘ആഗോളതാപനവും അതിന്റെ ഫലമായി ഉണ്ടാകുന്ന സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയർച്ചയും ലക്ഷദ്വീപിന് ഭീഷണിയാണ്. ആഗോളതാപനത്തിന് കാരണമായ കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനുളള നടപടികളാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഒറ്റ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ഈ ലക്ഷ്യം മുൻനിർത്തിയാണ്. സമുദ്രത്തിന്റെ ശുചിത്വവും പ്രധാനമാണ്. സമുദ്രത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ചില രാജ്യവിരുദ്ധ ശക്തികൾ ലക്ഷദ്വീപിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ദ്വീപ് സമൂഹത്തിലെ ജനങ്ങൾ അതെല്ലാം പരാജയപ്പെടുത്തി. തീവ്രവാദം, വിഘടനവാദം എന്നിവ ലക്ഷദ്വീപിൽ പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും പ്രദേശവാസികളുടെ നിലപാട് മൂലം പരാജയപ്പെട്ടു. മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് ദ്വീപിലെ ജനങ്ങൾ. ഇവിടെ വിദ്വേഷത്തിനോ വേർതിരിവിനോ ഇടമില്ല’

കൂടാതെ ‘നരേന്ദ്രമോദി സർക്കാർ ജാതിമത വർഗ ഭേദമില്ലാതെ രാജ്യത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നത് എന്നും എന്നാൽ ചില രാജ്യവിരുദ്ധ ശക്തികൾ കേന്ദ്ര സർക്കാരിനെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കുകയാണ് എന്നും ദില്ലിയിൽ നിന്ന് ആയിര കണക്കിന് കിലോമീറ്റർ അകലെയാണ് ലക്ഷദ്വീപെങ്കിലും കേന്ദ്രസർക്കാരിന്റെ ഹൃദയത്തിലാണ് ഇവിടെയുളള ജനങ്ങളുടെ സ്ഥാനം എന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ലക്ഷദ്വീപിനെ മാലിദ്വീപ് പോലെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ദ്വീപിലെത്തിയ പ്രതിരോധമന്ത്രിയെ ഊഷ്മളമായ സ്വീകരണം നൽകിയാണ് ജനങ്ങൾ വരവേറ്റത്. രാജ്‌നാഥ് സിംഗിനെ കാണാൻ എത്തിയ നാട്ടുകാർ ഭാരത് മാതാ കീ ജയ് വിളികളോടെയാണ് എതിരേറ്റത്.

Related Articles

Latest Articles