Tuesday, May 14, 2024
spot_img

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; കസ്റ്റഡിയിലായവരുടെ പേരുവിവരം പുറത്തുവിട്ട് എന്‍സിബി

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ കസ്റ്റഡിയിലെടുത്ത മുഴുവന്‍ പേരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ട് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെക്കൂടാതെ ഏഴ് പേരാണ് മുംബൈ എന്‍സിബിയുടെ കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആര്യനൊപ്പം പിടിയിലായവരില്‍ ഒരു നടനുമുണ്ട്. അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ് ആണിത്.

മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവര്‍. എന്‍സിബി മുംബൈ ഡയറക്ടര്‍ സമീര്‍ വാംഖഡെ അറിയിച്ചതാണ് ഇത്. ഇന്‍റലിജന്‍സില്‍ നിന്നു ലഭിച്ച ചില സൂചനകള്‍ അനുസരിച്ച് ലഹരി പാര്‍ട്ടിയിലെ ബോളിവുഡ് ബന്ധം സംശയിച്ചിരുന്നുവെന്ന് എന്‍സിബി മേധാവി എസ് എന്‍ പ്രധാന്‍ എഎന്‍ഐയോട് പറഞ്ഞു. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നിര്‍ണ്ണായക നടപടി ഉണ്ടായതെന്നും.

മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടന്നത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.

Related Articles

Latest Articles