Thursday, May 16, 2024
spot_img

കോവിഡ് വ്യാപനം: ഭയവും ആശങ്കയും ഉണ്ടാകേണ്ടതില്ല; പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികൾ അരലക്ഷം കടന്ന സാഹചര്യത്തിൽ ഇന്ന് പ്രത്യേക അവലോകന യോഗം ചേര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തീവ്ര വ്യാപനം തുടരുകയാണെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മന്ത്രി വ്യക്തമാക്കിയത്.

അതേസമയം കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് മന്ത്രി. മാത്രമല്ല കോവിഡ് ബാധിച്ചയാള്‍ വീട്ടില്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കണം. കോവിഡ് ബാധിച്ചയാൾ മറ്റുള്ളവരുമായി യാതൊരുവിധത്തിലും സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. കൂടാതെ മുറിയില്‍ ബാത്ത്‌റൂം വേണം എന്നതടക്കം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോവിഡ് അരലക്ഷത്തിലധികം പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രോഗ വ്യാപനത്തില്‍ ഒരു തരത്തിലുള്ള ഭയവും ആശങ്കയും ആളുകള്‍ക്ക് ഉണ്ടാകേണ്ടതില്ല. കൂടാതെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോഴും മൂന്ന് ശതമാനം തന്നെയാണ്. 57 ശതമാനം ഐസിയു ഇപ്പോഴും ഒഴിവുണ്ട്. വെന്റിലേറ്ററുകളുടെ ഒഴിവ് 86 ശതമാനമാണ്- മന്ത്രി വ്യക്തമാക്കി.

ഇന്ന് 55,475 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1387. രോഗമുക്തി നേടിയവര്‍ 30,226. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 49;40 ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.

Related Articles

Latest Articles