Wednesday, May 22, 2024
spot_img

കോവിഡിനൊപ്പം ഭീഷണി ഉയർത്തി നോറോ വൈറസ്; തൃശ്ശൂരിൽ 52 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂർ: സംസ്ഥാനത്ത് കോവിഡിനൊപ്പം ഭീഷണി ഉയർത്തി നോറോ വൈറസും പിടിമുറുക്കുന്നു.
തൃശ്ശൂരിൽ 52 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നാണ് വൈറസ് പകർന്നതെന്നാണ് പ്രാഥമിക നിഗമനം.
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിക്കൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. ഛർദ്ദി,വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജ്ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.

അതേസമയം മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുക. രോഗബാധയേറ്റ വ്യക്തികളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്ന് പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകൾ വൃത്തിയാക്കാതെ മൂക്കിലും വായിലും എത്തുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കും. വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles