Sunday, May 19, 2024
spot_img

ശ്രീരാമക്ഷേത്രത്തിൽ തിരിതെളിയുന്നതും കാത്തിരിക്കുന്നത് 140 കോടി ഭാരതീയർ മാത്രമല്ല, ചില വിദേശരാജ്യങ്ങളുമുണ്ട്, എന്നാൽ അയോദ്ധ്യയും കൊറിയയും തമ്മിലുള്ള ബന്ധം ഇതാണ്

ജനുവരി 22ന് നടക്കുന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ് ഭാരതീയർ. എന്നാൽ ഭാരതീയർ മാത്രമല്ല ഈ ചടങ്ങിനായി കാത്തിരിക്കുന്നത്. ദക്ഷിണ കൊറിയക്കാരും അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ്. ഇതിന് പിന്നിൽ ഒരു കഥയുണ്ട്. അയോദ്ധ്യയും ദക്ഷിണകൊറിയയും തമ്മിൽ ചരിത്രപരമായി വലിയ ബന്ധമാണ് നിലനിൽക്കുന്നത്. ഇന്നോ ഇന്നലെയോ അല്ല സഹസ്രാബ്ദങ്ങൾക്ക് മുൻപേ ആരംഭിച്ച അപൂർവ്വ ബന്ധം.

കൊറിയയുടെ ചരിത്രപുസ്തകത്തിൽ ഒരു ഇന്ത്യൻ രാജകുമാരി കൊറിയൻ രാജാവായ കിം സുറോയെ വിവാഹം കഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജകുമാരിയുടെ ജന്മദേശം അയോദ്ധ്യയാണെന്നും സുരിരത്‌ന (ഇന്ത്യൻ പേര്), ഹിയോ ഹ്വാംഗ് ഓകെ (കൊറിയൻ പേര്) എന്ന രാജകുമാരിയാണ് കൊറിയയുടെ മരുമകളായതെന്നും പറയപ്പെടുന്നു. ഈ ദമ്പതികൾക്ക് ആകെ 12 കുട്ടികളുണ്ടെന്നും അവരുടെ വംശം അയോദ്ധ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ് ചരിത്രം.

കോസല രാജ്യം ഭരിച്ച ദശരഥന്റെയും ശ്രീരാമചന്ദ്രന്റെയും വംശപരമ്പരയായ സൂര്യവംശത്തിലാണ് സുരിരത്‌ന രാജകുമാരിയുടെ ജനനം. ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോസലം ഭരിച്ചിരുന്ന പദ്മസേന രാജാവിന്റെയും രാജ്ഞി ഇന്ദുമതിയുടേയും പുത്രിയായിരുന്നു സുരിരത്‌ന. പദ്മസേന രാജാവ് ഒരു ദിവസം ഒരു സ്വപ്നം കാണുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട പുത്രിയായ സുരിരത്ന ദക്ഷിണകൊറിയ എന്ന ദേശത്തിലെ സുന്ദരനായ ഒരു രാജകുമാരനെ വിവാഹം ചെയ്യുന്നു. മകൾക്ക് വിവാഹപ്രായമെത്തി നിൽക്കുന്ന അവസരത്തിൽ ഇത്തരത്തിലൊരു സ്വപ്നം കണ്ടത് ദൈവനിയോഗമായിക്കണ്ട അദ്ദേഹം 16 വയസ്സുള്ള മകളെ കൊറിയയിലേക്ക് പറഞ്ഞയച്ചു. അങ്ങനെ കിം സുറോ രാജാവിനെ കണ്ട് സുരിരത്‌ന തന്റെ വരവിൻ്റെ കാരണം അറിയിച്ചു. സന്തുഷ്ടനായ സുറോ രാജാവ് സുരിരത്‌നയെ തന്റെ പത്നിയാക്കി. തുടര്‍ന്ന് അവര്‍ ഹ്യു ഹ്വാന്‍ ഓക് എന്ന പേരു സ്വീകരിച്ചു. അവരിരുവർക്കും 12 മക്കൾ ഉണ്ടായി. അങ്ങനെയാണ് കൊറിയയിലെ കിം വംശത്തിന്റെ തുടക്കമെന്നാണ് പറയപ്പെടുന്നത്.

ഹ്യു ഹ്വാന്‍ ഓക് രാജ്ഞിയുടെ വംശപരമ്പരയില്‍പ്പെട്ട രാജവംശം കരാക് രാജവംശം എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. ഇന്ന് ഏതാണ്ട് അറുപതുലക്ഷം കൊറിയക്കാര്‍ അവരുടെ പിന്തുടര്‍ച്ചക്കാരായുണ്ട്. ഏതാണ്ട് കൊറിയന്‍ ജനതയുടെ പത്തു ശതമാനം. 13ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സംഗുക് യുസ എന്ന കൊറിയൻ ചരിത്ര പുസ്തകത്തിൽ സുരിരത്ന രാജകുമാരിയുടെയും കിം സുറോ രാജാവിന്റെയും ഈ കഥ പരാമർശിച്ചിരിക്കുന്നുണ്ട്. കിം സുറോ രാജാവിന്റെ ശവകുടീരത്തിൽ നിന്നും അയോദ്ധ്യയുടെ പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇന്നും ആയിരക്കണക്കിന് കൊറിയക്കാർ അവരുടെ മാതൃഭവനമായി അയോദ്ധ്യയെയാണ് കാണുന്നത്. ഇതുകൊണ്ടാണ് കൊറിയക്കാർക്ക് അയോദ്ധ്യയിലെ രാമക്ഷേത്രം വളരെ പ്രത്യേകത നിറഞ്ഞതായി മാറിയത്.

Related Articles

Latest Articles