Saturday, October 24, 2026

ഇനി ശരണമുഖരിതം നാളുകൾ…! ശബരിമല തിരുനട ഇന്ന് തുറക്കും; പുതിയ മേല്‍ശാന്തിമാര്‍ ഇന്ന് വൈകിട്ട് ചുമതലയേല്‍ക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകിട്ട് 6 ന് നടക്കും. തന്ത്രിമാരായ കണ്ഠരര് രാജീവര്‍, കണ്ഠരര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയിരിക്കും ചടങ്ങ് നടക്കുക. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേല്‍ക്കും.

ഇന്ന് മുപ്പതിനായിരം പേരാണ് വെർച്വൽ ക്യൂ മുഖേന ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണ്ണമായും നിറഞ്ഞ് കഴിഞ്ഞു. സുഗമമായ ദർശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. അതേസമയം, ശബരിമല നട ഇന്ന് ഒരു മണിക്കൂർ മുമ്പ് തുറക്കും. 5 മണിയായിരുന്നു നേരെത്തെ തീരുമാനിച്ചത്. ഇത് 4 മണിയാക്കിയിട്ടുണ്ട്. അയ്യപ്പ ദർശനത്തിനായി എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമുണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇക്കുറി 18 മണിക്കൂർ ദർശന സൗകര്യം ഉണ്ടാകും.

ഓൺലൈൻ ബുക്കിംഗ് 70,000 ത്തിൽ നിന്നും ഉയർത്തുന്നത് നിലവിൽ ആലോചനയിൽ ഇല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കൂട്ടിച്ചേര്‍ത്തു. ദർശനസമയം 18 മണിക്കൂർ ആക്കിയതും പമ്പയിൽ താൽക്കാലിക പാർക്കിംഗ് അനുവദിച്ചതും തിരക്ക് നിയന്ത്രണത്തിൽ ഫലപ്രദമാകും എന്നാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും പ്രതീക്ഷ.

Related Articles

Latest Articles