Saturday, January 10, 2026

സ്വയം തൊഴിൽ കണ്ടെത്തുന്നവരോട് എന്താണ് സർക്കാരിന് ഇത്ര പക; സ്വന്തമായി അധ്വാനിച്ച്‌ പണമുണ്ടാക്കുന്നവനേ അതിന്റെ വിലയറിയൂ; പഞ്ചനക്ഷത്ര ഹോട്ടലെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി ദുബായിലേക്ക് മടങ്ങി

സ്വയം തൊഴിൽ കണ്ടെത്തുന്നവരോട് എന്താണ് കേരള സർക്കാരിന് ഇത്ര പക. സുഹൃത്തുക്കളും നാട്ടുകാരും ധൈര്യം നല്‍കിയില്ലായിരുന്നെങ്കില്‍ ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കിട്ടാതെ ജീവനൊടുക്കിയ സാജന്റെ വഴിയില്‍ രമേശും വീഴുമായിരുന്നു. അത്രയ്ക്കും വലഞ്ഞിട്ടുണ്ട് ദുബായില്‍ വെയിലും മഴയും വകവെയ്ക്കാതെ പണിയെടുത്ത ഈ വ്യവസായി.

ദുബായിലെ പ്രവാസി വ്യവസായിയായ കണ്ണൂര്‍ പന്നേന്‍പാറ ‘രാരീര’ത്തില്‍ ഡി.കെ. രമേശിന്റെ കുറെനാളത്തെ സ്വപ്നമായിരുന്നു നാട്ടില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നത്. എന്നാൽ അതിന്റെ വളർച്ചയിലാണ് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരും പണമോഹികളായ തൊഴിലാളി നേതാക്കളും കത്തിവച്ചത്.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും രമേശിന്റെ 26 കോടിയുടെ ആ സ്വപ്ന പദ്ധതിക്ക് അനുമതി നല്‍കിയില്ല. നിര്‍മ്മാണാനുമതി നല്‍കേണ്ട അധികാരികളും കൈക്കൂലിമോഹികളായ രാഷ്ട്രീയക്കാരും ചേര്‍ന്ന് ഈ പ്രവാസിയുടെ സ്വപ്നവും തച്ചുടച്ചു. അര ഏക്കറില്‍ 50 ലക്ഷം രൂപ ചെലവിട്ട് മതിലും മറ്റ് പ്രാരംഭ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതാണ്. അഞ്ച് കൊല്ലമായി ആ സ്ഥലം കാടുപിടിച്ചു കിടക്കുന്നു. പാനമോഹികളായ ഈ സർക്കാരിന്റെ കീഴിൽ ഒന്നും നടക്കില്ലെന്ന് ബോധ്യമായതോടെ നഷ്ടപ്പെട്ട പണവും ഉപേക്ഷിച്ച്‌ പ്രവാസി ഉപജീവനത്തിനായി മറ്റൊരു നാട്ടിലേക്ക് വണ്ടി കയറി.

2015-ലാണ് താഴെ ചൊവ്വ ബൈപ്പാസില്‍ രമേശ് ഹോട്ടലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 200 പേര്‍ക്കെങ്കിലും നേരിട്ടും അല്ലാതെയും ജോലി നല്‍കാനാവുന്ന ഹോട്ടല്‍, കണ്ണൂര്‍ വിമാനത്താവളത്തിനൊപ്പം പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്രഹം. വിമാനത്താവള പരിസരത്തൊന്നും പഞ്ചനക്ഷത്ര ഹോട്ടല്‍ ഇല്ല എന്നതും രമേശന് ഗുണവും ദോഷവുമായി എന്നു തന്നെ പറയേണ്ടിവരും. അനുമതി കിട്ടിയിരുന്നെങ്കില്‍ രമേശിന്റെ ഹോട്ടല്‍ ഇതിനകം യാഥാര്‍ത്ഥ്യമായേനെ.നിര്‍മ്മാണ അനുമതിക്കായി അന്നത്തെ എളയാവൂര്‍ പഞ്ചായത്ത് അധികാരികളെ കണ്ടപ്പോള്‍ അര സെന്റ് തണ്ണീര്‍ത്തടമാണെന്നായിരുന്നു വിശദീകരണം. അതേസമയം തൊട്ടടുത്ത് മാനം മുട്ടുന്ന ആറ് ഫ്‌ളാറ്റ് സമുച്ചയങ്ങളുണ്ട്.

അവയ്‌ക്കൊന്നും ബാധകമല്ലാത്ത തണ്ണീര്‍ത്തടം രമേശിനെ വഴിതടഞ്ഞു. എന്നാൽ അതൊന്നും നിങ്ങള്‍ അറിയണ്ട, അതു പരിശോധിക്കാനാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതോടെ രമേശ് ഹൈക്കോടതിയെ സമീപിച്ചു. ഒന്നര മാസത്തിനകം അനുമതി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നിട്ടും ഫലമുണ്ടായില്ല. കൈക്കൂലി നല്‍കിയാലേ എന്തെങ്കിലും നടക്കൂ. പക്ഷേ, ലക്ഷങ്ങള്‍ പടി നല്‍കിയിട്ടും അനുമതി കിട്ടിയില്ല. 2015 അവസാനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകൃതമായപ്പോള്‍ സ്ഥലം കോര്‍പ്പറേഷന്‍ പരിധിയിലായി. രമേശ് മേയറെ ഉള്‍പ്പെടെ കണ്ടിട്ടും ഫലമുണ്ടായില്ല. കടലാസ് നീക്കാന്‍ 15 ലക്ഷം രൂപയാണ് ഒരു നേതാവ് ചോദിച്ചത്. ഇതോടെ കൈക്കൂലി കൊടുത്ത് ഹോട്ടല്‍ പണിയേണ്ടെന്ന് രമേശിന് തീരുമാനിക്കേണ്ടിവന്നു.

ശതകോടികളുടെ പദ്ധതികള്‍ക്ക് ഒറ്റദിവസം കൊണ്ട് അനുമതി നല്‍കുന്നതാണ് ദുബായിലെ നിയമങ്ങള്‍. സ്വപ്നപദ്ധതിക്ക് അവധി നല്‍കി ദുബായിലേക്ക് മടങ്ങി. അതേസമയം പഞ്ചായത്ത് അനുമതി തന്നിരുന്നെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ പൂര്‍ത്തിയാകുമായിരുന്നുവെന്ന് രമേശ് പറയുന്നു. ആവശ്യമില്ലാത്ത ഉടക്കു പറഞ്ഞ് എന്നെ വട്ടംകറക്കി. അധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രവാസികളെ വലയ്ക്കുന്നത് ക്രൂരവിനോദമാണ്. സ്വന്തമായി അധ്വാനിച്ച്‌ പണമുണ്ടാക്കുന്നവനേ അതിന്റെ വിലയറിയൂ. പ്രവാസികളെ എങ്ങനെയും ചൂഷണം ചെയ്യാനാണ് അവരെല്ലാം നോക്കുന്നത്.

Related Articles

Latest Articles