കൊച്ചി: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന സാമ്പിള്‍ സര്‍വ്വേക്കെതിരെ എന്‍ എസ് എസ് (NSS) ഹൈക്കോടതിയില്‍ ഹർജി നൽകി. അശാസ്ത്രീയ സാംപിള്‍ സര്‍വേയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജീ സുകുമാരന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
സാമ്പിള്‍ സര്‍വ്വെ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ശേഖരിക്കുന്നത് ചെറിയ സാമ്പിള്‍ മാത്രമാണെന്നും ഇത് അപര്യാപ്തമാണ് എന്നുമാണ് ഹര്‍ജിയിലെ വാദം.മുന്നാക്കക്കാരിലെ യഥാര്‍ഥ പിന്നാക്കക്കാരെ കണ്ടെത്താന്‍ സാംപിള്‍ സര്‍വേ ഫലപ്രദമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യഥാര്‍ഥ പിന്നാക്കക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നഷ്ടമാവാന്‍ ഇത് ഇടവരുത്തും. പിന്നാക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ സര്‍വേയില്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ ഫലം കാണില്ലെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാകുന്നു.
കുടുംബശ്രീയെ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. 20,000 തദ്ദേശ വാര്‍ഡുകളിലെ 5 വീടുകളില്‍ വീതം നേരിട്ടെത്തിയാണ് സര്‍വേ. തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ സംബന്ധിച്ച് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

