Tuesday, May 7, 2024
spot_img

റോയ് കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത് അഞ്ജലി തന്നെ..

നമ്പര്‍ 18 ഹോട്ടലിലെ പീഡനക്കേസിന്റെ മുഖ്യ ആസൂത്രക അഞ്ജലി റിമദേവ് എന്ന് കുറ്റപത്രം. കേസില്‍ റോയ് വയലാട്ട്, അഞ്ജലി, സൈജു തങ്കച്ചന്‍ എന്നിവര്‍ക്കെതിരായ കുറ്റപത്രം അടുത്തയാഴ്ച്ച സമര്‍പ്പിക്കും. പരാതിക്കാരിയില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനായി അഞ്ജലി ബ്ലാക് മെയിലിംഗിന് ശ്രമിച്ചതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ മൂന്നാം പ്രതിയാണ് അഞ്ജലി റിമദേവ്. 13 ലക്ഷം രൂപയാണ് പരാതിക്കാരിയായ അമ്മയില്‍ നിന്നും മകളില്‍ നിന്നും അഞ്ജലി വാങ്ങിയിരുന്നത്. ഇത് തിരികെ നല്‍കാതിരിക്കാന്‍ അഞ്ജലി ഒരുക്കിയ കെണിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി അകപ്പെടുകയായിരുന്നു.

റോയ് കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ഗൂഢലക്ഷ്യം. അതേസമയം അഞ്ജലിയുടെ ഈ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നാണ് റോയ് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്. 2021 ഒക്ടോബര്‍ 20ന് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് വയനാട് സ്വദേശികളായ അമ്മയും പ്രായപൂര്‍ത്തിയാവാത്ത മകളും പരാതി നല്‍കുകയായിരുന്നു. പരാതിക്കാരി അഞ്ജലിയുടെ കോഴിക്കോട്ടെ ബിസിനസ് സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു.

13 ലക്ഷം രൂപ മൂന്ന് മാസത്തെ ജോലിക്കിടെ പല ആവശ്യങ്ങള്‍ക്കായി അഞ്ജലി പരാതിക്കാരിയില്‍ നിന്ന് വാങ്ങുകയായിരുന്നു. പിന്നീട് ഇത് തിരിച്ചുകൊടുക്കാതിരിക്കാന്‍ സൈജുവും അഞ്ജലിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി. ഇതിനായി ബിസിനസ് ട്രിപ്പ് എന്ന പേരില്‍ മകളെയും പരാതിക്കാരിയെയും കൊച്ചിയിലെത്തിച്ചു. വിശ്വാസം വരാന്‍ സ്ഥാപനത്തിലെ രണ്ട് യുവതികളെയും ഒപ്പം കൂട്ടിയിരുന്നു. ഇവരെ രാത്രി റോയ് വയലാട്ടിന്റെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച്, മദ്യവും മയക്കുമരുന്നും കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനിടെ റോയ് അമ്മയോടും മകളോടും മോശമായി പെരുമാറി. ഇവര്‍ ഒരു വിധത്തിലാണ് ഹോട്ടലില്‍ നിന്ന് പുറത്തുകടന്നത്.

സൈജു വഴിയാണ് റോയിയുടെ വഴിവിട്ട താല്‍പര്യങ്ങളെ അഞ്ജലി അറിയുന്നത്. ഫാഷന്‍ രംഗത്ത് മികച്ച തൊഴില്‍ അവസരം ഒരുക്കാന്‍ കഴിയുന്ന കൊച്ചിയിലെ സംരംഭകന്‍ എന്ന നിലയിലാണ് അഞ്ജലി പെണ്‍കുട്ടിക്കും അമ്മയ്ക്കും റോയിയെ പരിചയപ്പെടുത്തുന്നത്. അതേസമയം ഫാഷന്‍ രംഗത്തെ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്ത് ഒട്ടേറെ പെണ്‍കുട്ടികളെ അഞ്ജലി കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ട് വന്നിരുന്നു. എന്നാല്‍ അപമാനം കാരണം പലരും പരാതി പോലും നല്‍കിയിരുന്നില്ല. പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.

അതേസമയം കേസിലെ മൂന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ ആഴ്ച്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് വഴിയൊരുക്കിയ സംഭവം നടന്നത്. അത് കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് മോഡലുകള്‍ കൊല്ലപ്പെട്ട കേസുണ്ടായത്. ഇതേ തുടര്‍ന്ന് റോയിയും സൈജുവും നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ നശിപ്പിച്ചിരുന്നു. അതുകൊണ്ട് പോക്‌സോ കേസിന്റെ ഡിജിറ്റല്‍ തെളിവുകളും ഇതിനൊപ്പം നഷ്ടമായിരുന്നു. മനുഷ്യക്കടത്ത് കുറ്റമടക്കം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Related Articles

Latest Articles