ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആദിത്യന്റേത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മാനേജ്മെന്റ് ബോധപൂർവം ശ്രമിക്കുകയാണെന്ന് പിതാവ് പ്രദീപ് ആരോപിച്ചു. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആദിത്യൻ പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
മരണവിവരമറിഞ്ഞ് ബംഗളൂരുവിലെത്തിയ ബന്ധുക്കളോട് വിദ്യാർത്ഥിക്ക് പ്രണയപരാജയമായിരുന്നുവെന്നും ഒറ്റപ്പെടൽ അനുഭവിച്ചിരുന്നുവെന്നും പറഞ്ഞ് മാനേജ്മെന്റ് തറപ്പിച്ചു പറഞ്ഞതാണ് സംശയങ്ങൾക്ക് ഇടനൽകിയത്. പരാതി സ്വീകരിക്കാൻ ആദ്യഘട്ടത്തിൽ ഹെബ്ബഗോഡി പോലീസ് വിമുഖത കാണിച്ചതായും ഒരു അഭിഭാഷകന്റെ ഇടപെടലിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായതെന്നും കുടുംബം പറയുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സ്വാധീനമാണ് അന്വേഷണത്തിലെ മെല്ലെപ്പോക്കിന് പിന്നിലെന്ന് ആരോപിക്കുന്ന കുടുംബം, ആദിത്യൻ അയച്ച ശബ്ദസന്ദേശങ്ങളിലെ വിവരങ്ങളും ഉയർത്തിക്കാട്ടുന്നു.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പരാതി നൽകിയപ്പോൾ ആദിത്യനെതിരെയും സമാനമായ ആരോപണങ്ങൾ ഉയർത്തി മാനസികമായി തളർത്താൻ അദ്ധ്യാപകർ ശ്രമിച്ചതായും ആക്ഷേപമുണ്ട്. പരാതി നൽകിയിട്ടും വിദ്യാർത്ഥിയെ സുരക്ഷിതമായ മറ്റൊരു മുറിയിലേക്ക് മാറ്റാൻ കോളേജ് അധികൃതർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഇപ്പോൾ ശക്തമാവുകയാണ്. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന കോളേജ് അധികൃതർ, ഒറ്റപ്പെടൽ ഉയർത്തിയ മാനസിക സംഘർഷവും പ്രണയ പരാജയവും ആകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഒരു വിശദീകരണം ആണ് നൽകുന്നത്. ഈ വിശദീകരണം വിശ്വാസത്തിൽ എടുക്കാൻ ആദിത്യന്റെ കുടുംബവും തയ്യാറല്ല.

