ദില്ലി: സ്ത്രീധനത്തിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞ് നഴ്‌സിങ് വിദ്യാർഥികൾക്കുള്ള സോഷ്യോളജി പുസ്തകത്തിനെതിരെ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ. മെറിറ്റ്സ് ആന്റ് അഡ്വാന്റേജസ് ഓഫ് ഡൗറി എന്ന പാഠഭാഗം ആണ് സോഷ്യോളജി പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ രംഗത്ത് എത്തിയിരിക്കുന്നത്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സിലബസ് മാത്രം പിന്തുടരണം എന്നും നഴ്‌സിങ് കൗണ്സിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഇതിനോടകം തന്നെ സ്ത്രീധനത്തിന്റെ ‘ഗുണങ്ങളും നേട്ടങ്ങളും‘ പറയുന്ന സോഷ്യോളജി പുസ്കത്തിന്റെ പേജ് സോഷ്യൽ മീഡിയയിൽചർച്ചയായി കഴിഞ്ഞിരിക്കുകയാണ്. എന്തുതരം സന്ദേശമാണ് ഇത് സമൂഹത്തിലെ യുവാക്കൾക്ക് നൽകുന്നത് എന്നാണ് ചോദിക്കുന്നത്.
പുതിയൊരു കുടുംബം തുടങ്ങാനാവശ്യമായ ഫർണിച്ചറുകൾ, റഫ്രിജറേറ്ററുകൾ, വാഹനങ്ങൾ തുടങ്ങിയവയെല്ലാം ലഭിക്കും എന്ന് പുസ്തകത്തിൽ പറയുന്നു. പെൺകുട്ടിക്ക് തന്റെ കുടുംബത്തിൽ നിന്നുമുള്ള സ്വത്തിന്റെ ഒരു ഭാഗം ഇതിലൂടെ കിട്ടുന്നു എന്നതാണ് മറ്റൊരു പോയിന്റായി പറഞ്ഞിരിക്കുന്നത്. ‘കാണാൻ ഭംഗിയില്ലാത്ത’ പെൺകുട്ടികളെ നല്ല സ്ത്രീധനം നൽകിയാൽ വിവാഹം ചെയ്‍തയക്കാം എന്നതാണ് സ്ത്രീധനത്തിന്റെ മറ്റൊരു ‘നേട്ട’മായി ഇതിൽ പറഞ്ഞിരിക്കുന്നത്
പേജിന്റെ ചിത്രം പങ്കിട്ട സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ശിവസേന നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുർവേദിയും ഉൾപ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട് ഇത്തരം പുസ്തകങ്ങൾ പ്രചാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ഞങ്ങളുടെ പാഠ്യപദ്ധതിയിൽ അവയുടെ സാന്നിധ്യം ‘നാണക്കേടാണ്’ എന്ന് എം പി പറയുകയും ചെയ്‍തു.

