തിരുവനന്തപുരം: ‘ഒരുത്തീ‘ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയുള്ള വിനായകന്റെ പ്രതികരണം വീണ്ടും ചർച്ചയാകുന്നു. സ്ത്രീത്വത്തെ അപമാനിച്ച നടൻ വിനായകനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതിയുമായി ഒബിസി മോര്‍ച്ച.
നടൻ വിനായകന്റെ പരാമർശം സ്ത്രീകൾക്ക് അപമാനകരമാണെന്ന് കാട്ടിയാണ് ഒബിസി മോര്‍ച്ച രംഗത്ത് എത്തിയത്. ഒരാളോട് ശാരീരിക ബന്ധം ചെയ്യണമെന്ന് തോന്നിയാല്‍ ആ സ്‍ത്രിയോട് ചോദിക്കുമെന്നും, താൻ പത്തോളം സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതിനെയാണ് മീടു എന്ന് പറയുന്നതെങ്കില്‍ താന്‍ ഇനിയും ചെയ്യുമെന്നുമായിരുന്നു വിനായകന്‍റെ വിവാദ പരാമർശം.
എന്നാൽ ഇതിനെതിരെ പൊതുസമൂഹത്തിൽ നിന്നും രൂക്ഷമായ പ്രതികരണം ഉയർന്നതോടെ നടൻ മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വിനായകന്റെ മാപ്പപേക്ഷ.

