Wednesday, December 31, 2025

വെടിവച്ചത് സുരക്ഷാ ഉദ്യോഗസ്ഥൻ; വെടിയേറ്റ മന്ത്രിയെ ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത ദൃശ്യങ്ങളിൽ വ്യക്തം; ഒഡീഷാ മന്ത്രിയുടെ വധശ്രമത്തിന് പിന്നിലെന്ത് ?

ഭുവനേശ്വർ: ഒഡീഷാ ആരോഗ്യ മന്ത്രിയെ വെടിവച്ചത് അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ. ജാര്‍സുഗുഡ ബ്രജ്‌രാജ് നഗറിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകവേയാണ് ബിജു ജനതാദള്‍ നേതാവ് കൂടിയായ നബ കിഷോര്‍ ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസ് എഎസ്‌ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ മന്ത്രിയെ ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മന്ത്രിയെ വലിച്ചിഴച്ച് കാറിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിൽ.

ഗോപാല്‍ ദാസ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ബ്രജ്‌രാജ് മുനിസിപ്പലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസ് ഉദ്ഘാടനത്തിനായി എത്തിയതാണ് ആരോഗ്യമന്ത്രി. കാറില്‍ നിന്നും ഇറങ്ങവേ ഗോപാല്‍ ദാസ് ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നബ കിഷോര്‍ ദാസിന്റെ നെഞ്ചിലായി രണ്ട് തവണ വെടിയുതിര്‍ത്തെന്നും പോലീസ് പറഞ്ഞു.

മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഗുരുതരാവസ്ഥയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി വ്യോമ മാര്‍ഗം മാറ്റുമെന്നാണ് വിവരം. സംസ്ഥാനത്ത് ബിജെഡിയുടെ മുതിര്‍ന്ന നേതാവ് കൂടിയാണ് നബ കിഷോര്‍ ദാസ്. ഇദ്ദേഹത്തിന് വെടിയേറ്റതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്. ഗോപാല്‍ ദാസിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. പ്രതിഷേധം പരിഗണിച്ച് സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles