നേപ്പാൾ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹ നിർമ്മാണത്തിനായി ലക്ഷണമൊത്ത രണ്ട് സാളഗ്രാമങ്ങളുമായി വിഎച്ച്പി പ്രവർത്തകർ നേപ്പാളിൽ നിന്നും മടക്കയാത്രയാരംഭിച്ചു. മുൻ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധിയും യാത്രയ്‌ക്കൊപ്പം അണിചേർന്നിട്ടുണ്ട് . ഫെബ്രുവരി ഒന്നാം തീയതിയോടെ, സംഘം ഗോരക്നാഥ് ക്ഷേത്രത്തിലെത്തിച്ചേരും.
നേപാള ദേശത്തെ മുക്തിനാഥ് മേഖലയിലായി ഗണ്ഡകീ നദിയുടെ തീരത്ത് മാത്രം കാണപ്പെടുന്ന സവിശേഷമായ ശിലകളാണ് സാളഗ്രാമങ്ങൾ. വൈഷ്ണവർ ഇവയെ വിഷ്ണു സങ്കൽപ്പത്തോടെ ആരാധിക്കുന്നു. ലക്ഷ്മീജനാർദ്ദനം, രഘുനാഥം, ഹയഗ്രീവം തുടങ്ങി സാളഗ്രാമങ്ങൾ 19 തരമുണ്ട്.
ക്ഷേത്രനിർമാണത്തിൽ വിദഗ്ധരായ സംഘമാണ് ശിലകൾ തിരഞ്ഞെടുത്തത്. 60 മില്യൺ വർഷം പഴക്കമുള്ള ശിലകൾ രണ്ടും യഥാക്രമം പതിനാലും ഇരുപത്താറും ടൺ ഭാരമുള്ളവയാണ്. എട്ടര അടി ഉയരമുള്ള വിഗ്രഹത്തിന്റെ നിർമ്മാണം അടുത്ത വർഷം മകരസംക്രാന്തിക്കു മുമ്പായി പൂർത്തിയാകും.

