Friday, January 9, 2026

ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പി കേന്ദ്ര സർക്കാർ; 661 കുടുംബങ്ങൾക്ക് നഷ്ടപരിഹാരമെത്തി; ഗതാഗതം പൂർണതോതിൽ പുനരാരംഭിച്ചു

രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി കേന്ദ്രസർക്കാർ. അസാധാരണ വേഗതയിലാണ് സർക്കാർ നടപടികൾ പൂർത്തീകരിച്ചത്. 661 കുടുംബങ്ങൾക്ക് ഇതിനോടകം നഷ്ടപരിഹാരം നൽകിയതായും 22.66 കോടി ചെലവഴിച്ചതായും തെക്കുകിഴക്കൻ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അതോടപ്പം അപകടം നടന്ന ട്രാക്കിലെ നാല് ലൈനുകളിലൂടെയും ഗതാഗതം പൂർണതോതിൽ പുനരാരംഭിക്കുകയും ചെയ്തു. 661 കേസ്സുകളിൽ 331 പേർ നിസാരമായി പരിക്കേറ്റവരും 150 പേർ സാരമായി പരിക്കേറ്റവരുമാണ്. 180 പേർ അപകടത്തിൽ മരിച്ചവരാണ്. മൃതദേഹങ്ങൾ തിരിച്ചറിയുന്ന പ്രക്രിയ പൂർണ്ണമായിട്ടില്ല. ഡി എൻ എ പരിശോധനയടക്കം അസാധാരണ വേഗത്തിൽ നടന്നുവരുന്നു.

പൂർണതോതിൽ ഗതാഗതം പുനഃസ്ഥാപിക്കാനായത് വലിയ നേട്ടം തന്നെയാണ്. അപകടം നടന്ന് മൂന്നാം ദിനം ട്രെയിനുകൾ ഓടിത്തുടങ്ങിയെങ്കിലും ചരക്ക് തീവണ്ടികളാണ് ഏറെയും കടന്നുപോയത്. മാത്രമല്ല വേഗതാ നിയന്ത്രണവുമുണ്ടായിരുന്നു. എന്നാലിപ്പോൾ നിയന്ത്രണങ്ങളില്ലാതെ പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങി. അതേസമയം അപകടത്തെ കുറിച്ച് സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. റയിൽവേയുടെ അഭ്യർത്ഥന പ്രകാരവും ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സമ്മതത്തോടെയുമാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്‌ത്‌ മുന്നോട്ട് പോകുന്ന അന്വേഷണ സംഘം ലോക്കോ പൈലറ്റുമാരിൽ നിന്നടക്കം മൊഴിയെടുക്കും.

Related Articles

Latest Articles