ലണ്ടന്‍: ഇന്ന് ആരംഭിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു മുമ്പ് രാജ്യത്തെ നടുക്കിയ ഒഡിഷ ബാലസോർ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവർക്ക് ആദരമര്‍പ്പിച്ച് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും താരങ്ങളും അമ്പയര്‍മാരും. മത്സരത്തിനു മുമ്പ് താരങ്ങളും അമ്പയര്‍മാരും ഒരു മിനിറ്റ് മൗനമാചരിച്ചു. ആദരസൂചകമായി ഇരു ടീമിലെയും താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഗ്രൗണ്ടിലിറങ്ങിയത്.
ജൂണ്‍ രണ്ടാം തീയതി വൈകുന്നേരം 7.20 ഓടെയാണ് ഒഡിഷ ബാലസോറിൽ രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ 288 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചത്. ഇതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷവും റെയിൽവേ മന്ത്രാലയം പത്തുലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

