ദില്ലി : രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തം പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം വ്യക്തമാക്കി.ഒഡിഷക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് കേന്ദ്രം.വേണ്ടി വന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി.പാളം തെറ്റി മറിഞ്ഞ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ എസ്എംവിടി-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
രണ്ടാമത്തെ ട്രെയിൻ 130 കിലോമീറ്റർ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് അപകടത്തിൽപ്പെട്ട ബോഗികൾ തെറിച്ചു വീഴുകയായിരുന്നു.രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും തകർന്ന ഒരു ബോഗി പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ ചീഫ് സെക്രട്ടറിയും അറിയിച്ചു. ഇതിനുള്ളിൽ മൃതദേഹമുണ്ടോയെന്നാണ് സംശയം. അപകടം നടന്നതിന് സമീപത്തായുളള 5 ജില്ലകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവർക്ക് ചികിത്സ നല്കുന്നത്

