Thursday, June 6, 2024
spot_img

കരൾ നൽകാമെന്ന് വാഗ്ദാനം; ലാബ് റിപ്പോർട്ടടക്കം നല്‍കി വഞ്ചന; പിന്നാലെ രോഗിയുടെ ബന്ധുക്കളില്‍ നിന്ന് പണം തട്ടിയ യുവാവ് ഒടുവിൽ പിടിയിൽ

കൊച്ചി: അവയവദാനം നൽകാനെന്ന പേരിൽ പണം തട്ടിയ യുവാവ് പിടിയിൽ. അവയവദാനം നൽകാമെന്ന പേരിൽ വിവിധ രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും പണം തട്ടിയതിന് കാസർഗോഡ് ബലാൽ വില്ലേജ് പാറയിൽ വീട്ടിൽ സബിൻ പി കെ (25) ആണ് പോലീസിന്‍റെ പിടിയിലായത്.

എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കരൾ തകരാറിലായി ചികിൽസയിലുളള വ്യക്തി സഹായത്തിനായി ഫെയ്സ് ബുക്കിലൂടെ നൽകിയ പോസ്റ്റ് കണ്ടാണ് സബിൻ ഇത്തരത്തിലുള്ള തട്ടിപ്പിന് തുടക്കം കുറിച്ചത്. തുടർന്ന് സബിൻ രോഗിക്ക് കരൾ നൽകാമെന്ന് വാഗ്ദാനം നൽകി രംഗത്തെത്തി. തുടർന്ന് രക്തപരിശോധന നടത്തണമെന്ന് രോഗിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സബിന്റെ രക്തഗ്രൂപ്പ് വേറെയായതിനാൽ രോഗിയുമായി ചേർന്ന് പോകുന്ന രക്തഗ്രൂപ്പുള്ള സബിന്റെ സുഹൃത്തിനെ സബിന്റെ പേരിൽ ലാബിൽ അയച്ച് റിപ്പോർട്ട് സംഘടിപ്പിക്കുകയും രോഗിയുടെയും ബന്ധുക്കളുടെയും വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇതു കൂടാതെ രണ്ട് കിഡ്നിയും തകരാറിലായ മറ്റൊരു രോഗിക്ക് കിഡ്നി നൽകാമെന്ന് പറഞ്ഞ് രോഗിയുടെ രക്തഗ്രൂപ്പുമായി ചേർന്ന് പോകുന്ന രക്തഗ്രൂപ്പ് അടങ്ങിയ ബയോഡാറ്റ സബിൻ വ്യാജമായി നിർമ്മിച്ച് രോഗിയിൽനിന്നും പണം അപഹരിച്ചിട്ടുമുണ്ട്. സബിനെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉള്ളതായി പോലീസ് പറയുന്നു.

Related Articles

Latest Articles