തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സാങ്കേതിക സര്‍വകലാശാലയിലെ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് കാണിച്ചുകൊണ്ടുള്ള ഈ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് കൈമാറിയിട്ടുണ്ട്.
ഗവര്‍ണറുടെ അനുവാദം വാങ്ങാതെ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്നും,തോറ്റ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താന്‍ വിസി അനുവദിക്കരുതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഗവര്‍ണര്‍ പരിശോധിച്ച് വരികയാണെന്നും അതിന് ശേഷം നടപടിയെടുക്കുമെന്നും രാജ്ഭവന്‍ അറിയിച്ചു.
കൊല്ലത്തെ ഒരു എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ജയിക്കാന്‍ 45 മാര്‍ക്ക് വേണ്ട ആറാം സെമസ്റ്ററിലെ ഡൈനാമിക്ക് പേപ്പറിന് 29 മാര്‍ക്കേ ലഭിച്ചിരുന്നുള്ളൂ. ഇയാള്‍ പുന:പരിശോധനയ്ക്ക് അപേക്ഷിച്ചെങ്കിലും 32 മാര്‍ക്കേ കിട്ടിയുള്ളൂ. തുടര്‍ന്നാണ് കൊല്ലം ജില്ലയിലെ സിപിഎം അനുഭാവമുള്ള കുടുംബത്തില്‍ നിന്നുള്ള ഇയാളെ ജയിപ്പിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയത്.
വിദ്യാര്‍ത്ഥി സമര്‍ത്ഥനാണെന്നും, മൂല്യനിര്‍ണയത്തിലെ പിഴവ് കൊണ്ടാണ് തോറ്റതെന്നും, അതിനാല്‍ ഒരിക്കല്‍ കൂടി പുന:പരിശോധിക്കണമെന്നും കാണിച്ച് ഇപ്പോഴത്തെ പ്രോ വൈസ് ചാന്‍സലര്‍ ആയ അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് കത്തെഴുതി.
ഇതിന് ചട്ടം അനുശാസിക്കുന്നില്ലെന്ന് കാണിച്ച് വിസി അപേക്ഷ നിരസിച്ചു.തുടര്‍ന്നാണ് കാലവിളംബം ഉളള ഫയലുകള്‍ തീര്‍പ്പാക്കാന്‍ സര്‍വകലാശാല സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ മന്ത്രിയുടെ നിര്‍ദേശാനുസരണം തോറ്റ വിദ്യാര്‍ത്ഥിയുടെ അപേക്ഷ കൂടി പരിഗണിച്ചത്.
മൂല്യ നിര്‍ണയത്തിനോ പുനര്‍മൂല്യ നിര്‍ണയത്തിനോ കമ്മിറ്റിയെ നിയോഗിക്കാന്‍ ചട്ടമില്ല. ചട്ട പ്രകാരം കാലവിളംബം വരുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ മാത്രമാണ് അദാലത്ത്.

