Tuesday, May 21, 2024
spot_img

ആവേശത്തില്‍ ആറാടി പുന്നമട; ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് ഇന്ന്; ഇത്തവണ പോർക്കളത്തിൽ ഉള്ളത് 72 വള്ളങ്ങള്‍

ആലപ്പുഴ: തുഴത്താളത്തിനും വഞ്ചിപ്പാട്ടിന്റെ ഈണത്തിനുമൊപ്പം ഇന്ന് പുന്നമടക്കായലിലെ പൊന്നോളങ്ങള്‍ ആവേശത്തില്‍ ആറാടും. ഓളപ്പരപ്പിലെ ഒളിമ്പിക്സ് ഇന്ന്. ആലപ്പുഴയിലെ പുന്നമടക്കായലില്‍ ചുണ്ടൻ വള്ളങ്ങളുടെ മത്സരയോട്ടം ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും. ഇത്തവണ പോർക്കളത്തിൽ ഉള്ളത് 72 വള്ളങ്ങള്‍ ആണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു.

69-ാമത് നെഹ്റു ട്രോഫി വള്ളം കളിയാണ് നടക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്,സതേണ്‍ എയര്‍ കമാന്‍റിങ് ഇന്‍ ചീഫ് എന്നിവരെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും എംഎല്‍എമാരും ഉദ്‌ഘാടന ചടങ്ങിനെത്തും. ഇന്ന് (ഓഗസ്റ്റ് 12) ഉച്ചയ്‌ക്ക് 12 മണിക്കാണ് വള്ളം കളി മത്സരം ആരംഭിക്കുക.

2017 ന് ശേഷം ആദ്യമായാണ് നെഹ്‌റു ട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം തന്നെ ഓഗസ്റ്റ് 12ന് തിരിച്ചെത്തുന്നത് എന്ന പ്രത്യേകത ഇക്കുറിയുണ്ട്.കഴിഞ്ഞ വര്‍ഷം സിബിഎല്ലിന്‍റെ ഭാഗമായായിരുന്നു മത്സരം. ഇത്തവണ പ്രത്യേകമായാണ് മത്സരം സംഘടിപ്പിക്കുന്നത്. വലിയ പ്രചാരണമാണ് ഇക്കുറി സർക്കാർ നടത്തിയത്.കേരളത്തിന് പുറത്തേക്കും പ്രചരണം സംഘടിപ്പിച്ചിരുന്നു. ബോണസും മെയിന്‍റനന്‍സ് ഗ്രാന്‍റും 10 ശതമാനം വര്‍ദ്ധിപ്പിച്ചു എന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്.

മത്സരത്തിനായി ഒന്‍പത് വിഭാഗങ്ങളിലായി എഴുപത്തിരണ്ട് ( 72 ) വള്ളങ്ങളാണ് ഇക്കുറി വള്ളം കളിയില്‍ മാറ്റുരയ്‌ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ പത്തൊൻപത് (19 )വള്ളങ്ങളുണ്ട്. ചുരുളന്‍ മൂന്ന് , ഇരുട്ടുകുത്തി എ ഗ്രേഡ് നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് പതിനഞ്ച് (15 ) , ഇരുട്ടുകുത്തി സി ഗ്രേഡ് പതിമൂന്ന് , വെപ്പ് എ ഗ്രേഡ് 7, വെപ്പ് ബി ഗ്രേഡ് 4, തെക്കനോടി തറ 3, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. രാവിലെ പതിനൊന്നു മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ഉണ്ടാകുക. ഉച്ച കഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന സമ്മേളനംനടക്കുന്നത് .അതിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ 4 ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ 3 വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്ക് വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

Related Articles

Latest Articles