Friday, May 17, 2024
spot_img

RSSന്റെ ആശുപത്രിയിൽ അഹിന്ദുക്കളെ പരിചരിക്കുമോ? ചോദ്യവുമായി രത്തൻടാറ്റ;സംശയം മാറ്റിക്കൊടുത്ത് നിതിൻ ഗഡ്കരി

മുംബൈ: രാഷ്‌ട്രീയ സ്വയംസേവക് സംഘം മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാറില്ലെന്ന് ഒരിക്കൽ രത്തൻ ടാറ്റയ്‌ക്ക് മറുപടി നൽകിയതായി തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി.മുമ്പ് വ്യവസായി രത്തൻ ടാറ്റയുമായി നടന്ന സംഭാഷണം ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം. പൂനെയിലെ സിൻഹഗഡ് ഏരിയയിലുള്ള ഒരു ചാരിറ്റബിൾ ആശുപത്രി ഉദ്ഘാടനം ചെയ്യവേയാണ് കേന്ദ്രമന്ത്രി പഴയകഥ ഓർത്തെടുത്ത് ഇങ്ങനെ പരാമർശിച്ചത്. താൻ മഹാരാഷ്‌ട്രയിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് നടന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

നിതിൻ ഗഡ്കരിയുടെ വാക്കുകൾ ഇങ്ങനെ..

”അന്തരിച്ച ആർഎസ്എസ് മേധാവി കെ.ബി ഹെഡ്‌ഗേവാറിന്റെ പേരിലുള്ള ആശുപത്രി ഔറംഗബാദിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അന്ന് മഹാരാഷ്‌ട്ര സർക്കാരിൽ മന്ത്രിയായിരുന്നു താൻ. ആശുപത്രിയുടെ ഉദ്ഘാടനം രത്തൻ ടാറ്റ ചെയ്യണമെന്ന് മുതിർന്ന ഒരു ആർഎസ്എസ് കാര്യവാഹക് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് താൻ സഹായിച്ചു. രത്തൻ ടാറ്റയുമായി ബന്ധപ്പെട്ട് ഉദ്ഘാടനത്തിനെത്താൻ ടാറ്റയോട് ആവശ്യപ്പെട്ടു.

രാജ്യത്തെ പാവപ്പെട്ടവർക്ക് ക്യാൻസർ പരിചരണം നൽകുന്നതിൽ ഈ ആശുപത്രിയുടെ സംഭാവനകൾ താൻ ടാറ്റയെ അറിയിച്ചു. തുടർന്ന് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനായി രത്തൻ ടാറ്റയെത്തി. ആശുപത്രിയിൽ എത്തിയ ടാറ്റ ഇപ്രകാരം തന്നോട് ചോദിച്ചു. ഈ ആശുപത്രി ഹിന്ദു സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് മാത്രമാണോ എന്നായിരുന്നു ടാറ്റയുടെ സംശയം. എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചിന്തിക്കുന്നതെന്ന് താൻ മറുചോദ്യം ആരാഞ്ഞു. കാരണം ഇത് ആർഎസ്എസിന്റേതാണെന്നായിരുന്നു ടാറ്റ പറഞ്ഞത്.

എന്നാൽ ഈ ആശുപത്രി എല്ലവർക്കും വേണ്ടിയുള്ളതാണെന്നും മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും ആർഎസ്എസിൽ നടക്കില്ലെന്നും താൻ വ്യക്തമാക്കി. ശേഷം എപ്രകാരമാണ് ആർഎസ്എസിന്റെ പ്രവർത്തനമെന്നത് ടാറ്റയ്‌ക്ക് വിശദീകരിച്ചു നൽകിയതായും ടാറ്റ സന്തോഷവാനായാണ് അവിടെ നിന്നും മടങ്ങിയത്’

Related Articles

Latest Articles