Monday, September 21, 2026

അറബ് പതിപ്പിൽ ഒരു വ്യവസ്ഥ !! ഇംഗ്ലീഷ് പതിപ്പിൽ മറ്റൊരു വ്യവസ്ഥ !!ഇറാന്റെ വെടിനിർത്തൽ നിർദ്ദേശങ്ങളിൽ വൻ വിവാദം !! സമാധാന ചർച്ചകൾ വഴിമുട്ടുമെന്ന് ആശങ്ക

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ, ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളിലെ വൈരുദ്ധ്യങ്ങളിൽ പുതിയ വിവാദം. ഇറാന്റെ സമാധാന പദ്ധതിയുടെ പേർഷ്യൻ ഭാഷയിലുള്ള പതിപ്പിൽ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്കും നയതന്ത്രജ്ഞർക്കും കൈമാറിയ ഇംഗ്ലീഷ് പതിപ്പിൽ ഈ പരാമർശം ബോധപൂർവ്വം ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് കർശന നിലപാട് സ്വീകരിച്ചിരിക്കെ, ഇത്തരമൊരു വൈരുദ്ധ്യം ചർച്ചകളുടെ ഭാവിയെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ വഞ്ചനാപരമാണെന്ന് നേരത്തെ വിശേഷിപ്പിച്ച ട്രമ്പ് , ആണവ പദാർത്ഥങ്ങളുടെ കാര്യത്തിൽ അന്തിമ കരാറിൽ വ്യക്തത വരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധം നിർമ്മിക്കാൻ ഇറാനെ അനുവദിക്കില്ലെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം. യുറേനിയം സമ്പുഷ്ടീകരണം തുടരാൻ അനുവദിക്കില്ലെന്ന അമേരിക്കയുടെ വാദവും അതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന ഇറാന്റെ നിലപാടും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാത്ത പ്രശ്നമായി തുടരുകയാണ്. തന്റെ വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ വെടിനിർത്തലിന് സമ്മതിക്കില്ലായിരുന്നുവെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും, ഇറാൻ പാർലമെന്റ് സ്പീക്കർ ഉൾപ്പെടെയുള്ളവർ ആണവ പദ്ധതി തുടരുമെന്ന സൂചനകളാണ് നൽകുന്നത്.

അമേരിക്കയും ഇസ്രായേലും ഒരു മാസത്തിലേറെയായി ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്കൊടുവിൽ പാകിസ്ഥാൻ മധ്യസ്ഥത വഹിച്ചാണ് നിലവിലെ വെടിനിർത്തൽ യാഥാർത്ഥ്യമായത്. ഇറാനെ ചർച്ചാ മേശയിലെത്തിക്കുന്നതിൽ ചൈന വലിയ പങ്കുവഹിച്ചതായും സൂചനകളുണ്ട്. ഇറാന്റെ എണ്ണയുടെ പ്രധാന വാങ്ങലുകാരും തന്ത്രപ്രധാന പങ്കാളിയുമായ ചൈനയ്ക്ക് മിഡിൽ ഈസ്റ്റിലെ സമാധാനം സാമ്പത്തികമായി അനിവാര്യമാണ്. മെയ് പകുതിയോടെ ഡൊണാൾഡ് ട്രമ്പ് ബീജിംഗിലെത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ഈ സന്ദർശനം ഇറാൻ സംഘർഷത്തെത്തുടർന്നാണ് മാറ്റിവെച്ചത്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസ്സപ്പെടുന്നത് ചൈനയുടെയും ഗൾഫ് രാജ്യങ്ങളുടെയും സാമ്പത്തിക താൽപ്പര്യങ്ങളെ ബാധിക്കുമെന്നതിനാൽ, ഈ വെടിനിർത്തൽ എത്രത്തോളം കാലം നിലനിൽക്കുമെന്നത് ആഗോളതലത്തിൽ ഉറ്റുനോക്കപ്പെടുന്നു. ആണവ പദാർത്ഥങ്ങളുടെ കൈമാറ്റവും ഉപരോധങ്ങൾ നീക്കുന്നതും സംബന്ധിച്ചുള്ള തർക്കങ്ങൾ ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന നേരിട്ടുള്ള ചർച്ചകളിൽ നിർണ്ണായകമാകും. ഇറാൻ തങ്ങളുടെ ആണവ മോഹങ്ങൾ ഉപേക്ഷിക്കാതെ അമേരിക്കയുമായി ഒരു ശാശ്വത സമാധാന കരാറിലെത്തുക എന്നത് നിലവിലെ സാഹചര്യത്തിൽ അതീവ ദുഷ്കരമായി തുടരുകയാണ്.

Related Articles

Latest Articles