Sunday, May 19, 2024
spot_img

കോവിഡ് -19 ബാധിച്ച് ദില്ലിയിൽ ഒരു മലയാളി കൂടി മരിച്ചു

ദില്ലി: കോവിഡ് 19 ബാധിച്ച്‌ ദില്ലിയിൽ ഒരു മലയാളി കൂടി മരിച്ചു. ദില്ലി രമേശ് നഗറിൽ താമസിക്കുന്ന ചെങ്ങന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ദില്ലി എൽ എൽ ജിപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഇതോടെ കോവിഡ് ബാധിച്ച് ദില്ലിയിൽ മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഇയാൾ .

24 ദിവസം ചികിത്സയിലായിരുന്ന ഷാജിയ്ക്ക് രോഗം മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ തിരികെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്‍റെ പരിശോധനക്ക് എത്തിയ ഇയാൾക്ക് വീണ്ടും കോവിഡ് പരിശോധന നടത്തിയപ്പോൾ പോസ്റ്റീവായി . ഇതോടെ വീണ്ടും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം രാജ്യത്ത് വൈറസ് വ്യാപനം ശക്തമാവുകയാണ് . ഇതുവരെ ആകെ രോഗികൾ 6,48,315 ആയി. 24 മണിക്കൂറിനിടെ 22,771 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 442 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ഇതോടെ മരണം 18655 ആയി ഉയർന്നു.

Related Articles

Latest Articles