ചെന്നൈ: എംഡിഎംകെ(മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് വൈകോയ്ക്ക് (വി.ഗോപാലസ്വാമി) ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ചെന്നൈ കോടതി. നിരോധിത സംഘടനയായ എല്‍ടിടിഇ ക്ക് അനുകൂല പരാമര്‍ശം നടത്തിയെന്ന കേസിലാണ് വൈകോയെ കോടതി ഒരു വര്‍ഷത്തെ തടവിനും 10,000 രൂപ പിഴയും വിധിച്ചത്.
2009ല്‍ നടത്തിയ തന്റെ പുസ്തക പ്രകാശത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷ വിധിച്ചത്. ശ്രീലങ്കയില്‍ തമിഴ്പുലികള്‍ക്കെതിരായ സൈനിക നടപടി നിറുത്തിയില്ലെങ്കില്‍ ഇന്ത്യ ഒറ്റ രാജ്യമായി തുടരില്ലെന്ന് പ്രസംഗത്തില്‍ വൈകോ പറഞ്ഞത്.
ജൂലൈ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് കോടതി വിധി പുറത്തുവന്നിരിക്കുന്നത്. മുന്‍പ് മൂന്ന് തവണ രാജ്യസഭാ പ്രതിനിധിയായി ചുമതലയേറ്റ വൈക്കോ 15 വര്‍ഷത്തിനു ശേഷമാണ് രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്.

