Friday, May 3, 2024
spot_img

സവാളയ്ക്ക് വില കൂടും; വിലവർദ്ധന ചെറുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഓഫറുമായി കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്ത് സവാള വിലയിൽ (Onion Price)വർദ്ധനവുണ്ടാകാൻ സാധ്യതയുള്ളതിനാൽ, വിലവർദ്ധന ചെറുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഓഫറുമായി കേന്ദ്ര സർക്കാർ. കിലോയ്‌ക്ക് 21 രൂപ നിരക്കിൽ സവാള നൽകാൻ തയ്യാറാണെന്ന് ഉപഭോക്തൃമന്ത്രാലയം അറിയിച്ചു. ഹരിയാന, യുപി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സവാള ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തെ സമീപിച്ചു എന്നാണ് റിപ്പോർട്ട്.

രാജ്യത്ത് സവാള ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. നാഫെഡിൽ നിന്നാണ് സംസ്ഥാനങ്ങൾക്ക് സവാള നൽകുക. ഇതിനായി ഉപഭോക്തൃമന്ത്രാലയത്തിന് സംസ്ഥാനങ്ങൾ കത്ത് നൽകണം. 1.60 ലക്ഷം ടൺ സവാള നാഫെഡിന്റെ കൈവശമുണ്ടെങ്കിലും ഇപ്പോൾ വിൽക്കാൻ ഉദ്ദേശിക്കുന്നത് 40,000 ടൺ ആണ്. നാസിക്കിലെ ഗോഡൗണിൽ നിന്നാണ് വിൽപ്പന നടത്തുക. എന്നാൽ കേരളം ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. സംസ്ഥാനങ്ങളിലേക്ക് ആവശ്യത്തിന് സവാള എത്തുമ്പോൾ മുൻവർഷങ്ങളിലേതു പോലെ വിലക്കയറ്റം തടയാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരാഴ്ചയായി രാജ്യത്ത് സവാളവില വർദ്ധിക്കുകയാണ്. 30-40 രൂപ വരെയാണ് സവാളയുടെ വില. ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ 10-15 രൂപവരെയാണ് വില വർദ്ധനവുണ്ടായിരിക്കുന്നത്. കർണാടകയിലെയും മഹാരാഷ്‌ട്രയിലെയും വിളകൾ നശിച്ചത് പച്ചക്കറി വിലവർദ്ധനവിന് പ്രധാന കാരണമായി. കനത്ത മഴയിൽ ഇരു സംസ്ഥാനങ്ങളിലും വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇത് വിപണിയെ വളരെ മോശമായി ബാധിച്ചു. ഇതാണ് സവാളയ്ക്ക് ക്ഷാമമുണ്ടാകാൻ കാരണം.

Related Articles

Latest Articles