Monday, April 29, 2024
spot_img

പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊർജ്ജിതമാക്കി സുരക്ഷാ സേന; സുരക്ഷാ നടപടികള്‍ വിലയിരുത്താന്‍ അമിത്ഷാ കശ്മീരിലേക്ക്; ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതീകശരീരം ഇന്ന് നാട്ടിലെത്തിക്കും

ജമ്മു: പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. അതോടൊപ്പം പിടികിട്ടാപ്പുള്ളികളായ ഭീകരരെ പിടികൂടാനുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് സംയുക്ത സേന. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരില്‍ വ്യാപകമായി റെയ്ഡ് നടത്തും. അതേസമയം ജമ്മുകശ്മീരിലെ സുരക്ഷാ നടപടികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഈ മാസം 23 മുതല്‍ 25 വരെ ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തും. സുരക്ഷാ വിലയിരുത്തല്‍ യോഗങ്ങളില്‍ പങ്കെടുക്കുന്ന അമിത്ഷാ (Amit Shah) വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

ഭീകരവാദ അനുകൂല നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിനൊപ്പം ദേശ വിരുദ്ധ കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ച് കേസെടുക്കും. ഭീകരവാദ അനുകൂല നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കശ്മീരിൽ ഭീകരക്കെതിരെ സൈന്യത്തിന്റെ വേട്ട തുടരുകയാണ്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജമ്മുകശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. ഇന്ന് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ആകും ഭൗതികശരീരം എത്തിക്കുക. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും.

കുടവട്ടൂർ എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചശേഷം കുടവട്ടൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്‌കാരം നടത്തും. 24 കാരന്റെ വേർപാട് അറിഞ്ഞ് നാടിന്റെ നാനാഭാഗത്ത് നിന്നും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും എത്തിക്കഴിഞ്ഞു. എന്നാൽ വൈശാഖ് നമ്മെ വിട്ടുപോയെന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. മകന്റെ വേർപാടിൽ കണ്ണീരിലായ അമ്മ ബീനാകുമാരിയെയും സഹോദരി ശിൽപ്പയേയും ആശ്വസിപ്പിക്കാനാകാത്ത ദുഖത്തിലാണ് നാട്. മരിക്കുന്നതിന് മുൻപത്തെ ദിവസവും വൈശാഖ് അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. കഴിഞ്ഞ ഓണാവധിയ്ക്കാണ് വൈശാഖ് അവസാനമായി നാട്ടിൽ വന്നുപോയത്.

Related Articles

Latest Articles