Saturday, May 11, 2024
spot_img

”വോട്ടർമാരെ സുരക്ഷിതരും ശക്തരുമാക്കുക”; ഇന്ന് പതിനൊന്നാമത് ദേശീയ സമ്മതിദായക ദിനം

ദില്ലി: ഇന്ന് പതിനൊന്നാമത് ദേശീയ സമ്മതിദായക ദിനം. വോട്ടർമാരെ സുരക്ഷിതരും ശക്തരുമാക്കുക എന്നതാണ് ഈ വർഷത്തെ ദേശീയ വോട്ടർ ദിനത്തിന്‍റെ പ്രമേയം. ഇന്ന് ദില്ലിയില്‍ നടക്കുന്ന വോട്ടർ ദിന പരിപാടിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മുഖ്യാതിഥി. വീഡിയോ കോൺഫറൻസിലൂടെയാകും അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുക. ‘ഹലോ വോട്ടേഴ്‌സ്’ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് റേഡിയോയും രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

കൊറോണ മഹാമാരിക്കിടയിലും രാജ്യമെമ്പാടുമുള്ള കേന്ദ്രങ്ങളിൽ സുരക്ഷിതമായി തെരഞ്ഞെടുപ്പ് നടത്തിയ കമ്മീഷന്റെ പ്രതിബദ്ധതയും ആഘോഷത്തിൽ എടുത്തുപറയും. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ ജനങ്ങളെ പങ്കെടുപ്പിക്കാനും കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. അതേസമയം 2020-21 വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്ക് ദേശീയ അവാർഡും നല്‍കും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള ഓഫീസർമാർക്കാണ് ദേശീയ അവാർഡ് നൽകുക. ഐടി, സെക്യൂരിറ്റി മാനേജ്‌മെന്റ്, ഇലക്ഷൻ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് പുരസ്‌കാരം ലഭിക്കുക. 1950 ജനുവരി 25 നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തുടക്കം കുറിച്ചത്. ജനാധിപത്യ പ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉപ്പാക്കുന്നതിനും വോട്ടർപട്ടികയിലെ പേരു ചേർത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനുമായാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിദായകരുടെ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്.

Related Articles

Latest Articles