Tuesday, April 30, 2024
spot_img

ഇബ്രാഹിം കുഞ്ഞിന്റെ ഇലക്ഷൻ മോഹം നടക്കുമോ? ഇലക്ഷനില്‍ മത്സരിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ്, നടക്കില്ലെന്ന് കോടതി; ജാമ്യപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ ഹർജിയെ എതിർത്ത് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുസ്ലീം എഡ്യൂക്കേഷൻ സൊസൈറ്റി തെരഞ്ഞെടുപ്പിൽ മൽസരിക്കുവാൻ ഇബ്രാഹിം കുഞ്ഞ് നേരത്തെ അനുമതി തേടിയിരുന്നുവെന്നും, ജാമ്യ ഹർജിയിൽ പറയുന്ന വാദങ്ങൾ ശരിയല്ലെന്നുമായിരുന്നു സർക്കാരിന്റെ റിപ്പോർട്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് രണ്ടാം തവണയും ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, ആശുപത്രിയിൽ റിമാൻഡിൽ കഴിയവേ എംഇഎസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചത് കോടതിയെ ചൊടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ആരാഞ്ഞ കോടതി അത് ജയിലിൽ പോയിട്ടുമാകാം എന്ന് പറഞ്ഞു. നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ആശുപത്രിയിൽ നിന്നാണ് നോമിനേഷൻ പേപ്പറിൽ ഒപ്പിട്ടതെന്നു ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി. ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ല. സർക്കാർ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ സമയം വേണമെന്നും വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്നും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു.

Related Articles

Latest Articles