Thursday, May 16, 2024
spot_img

ഹമാസിനെ വെള്ളപൂശുന്നതിന് പിന്നിൽ വോട്ട്ബാങ്ക് മാത്രം ; ഇടത് വലത് മുന്നണികളെ കീറി പുരോഹിതൻ !

ഇസ്രായേൽ – ഹമാസ് സംഘർഷം ഇപ്പോഴും തുടരുമ്പോൾ കേരളത്തിലെ ഇടത്-വലത് മുന്നണികൾ ഇപ്പോഴും യുദ്ധത്തിന് കാരണക്കാരായ ഹമാസിനെയാണ് പിന്തുണയ്ക്കുന്നത്. ഹമാസിന്റെ ക്രൂരതയുടെ ആഴം വ്യക്തമായിട്ടും ഹമാസിനെ വെള്ള പൂശാനാണ് ഇടത്-വലത് മുന്നണികൾ ഇപ്പോഴും ശ്രമിക്കുന്നത്. ഇപ്പോഴിതാ, ഹമാസ് ഭീകരരെ പിന്തുണച്ച് ഇടത്-വലത് മുന്നണികൾ കേരളത്തിൽ സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സീറോ മലബാർ ബിഷപ്പ് തോമസ് തറയിൽ. ഹമാസ് എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു, വെള്ളപൂശുകയാണ് കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികൾ. വോട്ടുബാങ്ക് മാത്രമാണ് ഇത്തരം പ്രചാരണങ്ങളുടെ മാനദണ്ഡമെന്നും കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും ബിഷപ്പ് തോമസ് തറയിൽ തുറന്നടിച്ചു.

ഇസ്രായേൽ – പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ്. യുദ്ധം പരാജയമാണെന്നും അത് മാനവസഹോദര്യത്തെ തകർക്കുമെന്നും അതവസാനിപ്പിക്കേണ്ടതാണെന്നും പരിശുദ്ധ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്തത് ശ്രദ്ധേയമാണ്. എന്നാൽ, ഈ യുദ്ധത്തെസംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയതിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നുവെന്ന് ബിഷപ്പ് തോമസ് തറയിൽ പറയുന്നു. സമാധാനപരമായി ജീവിതം മുമ്പോട്ട് പോകുന്ന ഒരു രാജ്യത്തു ഹമാസ് എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ ഇവിടത്തെ മതേതരപാർട്ടികൾ പോലും മത്സരിക്കുന്നത് നമ്മെ ഭയപ്പെടുത്തുകയാണ്. വോട്ടുബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്നു വരുന്നത്, കേരളം ഇത്ര നാളും ഉയർത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകർക്കാൻ മാത്രമേ ഉപകരിക്കു എന്ന് ഉത്തരവാദിത്വബോധമുള്ള പാർട്ടികൾ എങ്കിലും മനസിലാക്കുന്നത് നല്ലതാണ്. നിഷ്പക്ഷമതികളെ പോലും വർഗീയവാദികളാക്കാൻ മാത്രമേ ഇത്തരം നിലപാടുകൾ ഉപകരിക്കു. ഇസ്രയേലും പലസ്തീനും രണ്ടു രാഷ്ട്രങ്ങളായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കാതെ അവിടെ ശാശ്വത സമാധാനം ഉണ്ടാകില്ല. പക്ഷെ അതിന്റെ പേരിൽ കേരളം പോലെ ഒരു ചെറു സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടാമെന്നതു യുക്തിപരമായ കണക്കുകൂട്ടലാവില്ലെന്നും ബിഷപ്പ് തോമസ് തറയിൽ തുറന്നടിച്ചു.

അതേസമയം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം ഇസ്രായേൽ ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് ഭീകര താവളങ്ങളിലേക്ക് കഴിഞ്ഞ ദിവസം ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. അതിർത്തിക്കുള്ളിൽ പ്രവേശിച്ച് ഗാസയിലെ റോക്കറ്റ് ലോഞ്ച്‌പോയിന്റുകൾ സൈന്യം തകർത്തതിന് പിന്നാലെയാണ് ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇസ്രായേൽ കടുപ്പിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലെ മൊബൈൽ നെറ്റ്വർക്ക് സംവിധാനം പൂർണമായും തകർന്നിരിക്കുകയാണ്. സേവനങ്ങൾ തടസപ്പെട്ടതായി ടെലികോം കമ്പനികളും അറിയിച്ചു. അതിനിടെ, യുദ്ധത്തിനെതിരെ ഐക്യരാഷ്‌ട്രസഭ കഴിഞ്ഞദിവസം പ്രമേയം പാസാക്കി. ജോർദാൻ അവതരിപ്പിച്ച പ്രമേയത്തെ 120 രാജ്യങ്ങൾ അനുകൂലിക്കുകയും 12 രാജ്യങ്ങൾ എതിർക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യ ഉൾപ്പെടെയൂള്ള 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു.

Related Articles

Latest Articles