കാരക്കാസ്: വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി ഉയർന്ന പശ്ചാത്തലത്തിൽ, ദുരന്തബാധിതരെ സഹായിക്കാൻ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ എന്ന പേരിൽ വൻ രക്ഷാദൗത്യവുമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലായി ഇന്ത്യൻ ആർമിയുടെ 41 അംഗ വിദഗ്ധ സംഘം വെനസ്വേലയിലെത്തി. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ ഈ അടിയന്തര രക്ഷാദൗത്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപങ്ങൾക്കിടയിലാണ് വെനസ്വേലയിലെ ജനങ്ങൾക്ക് താങ്ങായി ഇന്ത്യയുടെ മെഡിക്കൽ സംഘം അവിടെയെത്തി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സ്പാനിഷ് ഭാഷയിൽ സൗഹൃദം എന്നാണ് ‘അമിസ്റ്റാഡ്’ എന്ന വാക്കിന്റെ അർത്ഥം.
ഇന്ത്യൻ ആർമിയുടെ പ്രശസ്തമായ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 9 മെഡിക്കൽ ഓഫീസർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്നതാണ് 41 അംഗ വിദഗ്ദ്ധ സംഘം. ദുരന്തമുഖങ്ങളിൽ മിനിറ്റുകൾക്കകം സജ്ജീകരിക്കാൻ കഴിയുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രി യൂണിറ്റുകളും ഈ ദൗത്യത്തിന്റെ ഭാഗമായി വെനസ്വേലയിലെത്തിച്ചിട്ടുണ്ട്. ഇതിനുപുറമേ 35 ടണ്ണിലധികം വരുന്ന അടിയന്തര ജീവൻരക്ഷാ മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, താൽക്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള സാമഗ്രികൾ എന്നിവയും ഇന്ത്യ ദുരന്തഭൂമിയിലേക്ക് കൈമാറി. വെനിസ്വേലയിലെ ജനങ്ങൾ നേരിടുന്ന ഈ കഠിനമായ സാഹചര്യത്തിൽ ഇന്ത്യ അവർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ രാജ്യം സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
അതേസമയം ഭൂകമ്പ ദുരന്തത്തിൽ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായാണ് സൂചന. ലാ ഗ്വയ്റ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നൂറക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പലയിടങ്ങളിലും അവശിഷ്ടങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ത്യൻ മെഡിക്കൽ സംഘം കൂടി എത്തിയതോടെ പരിക്കേറ്റവർക്കുള്ള ചികിത്സയും മറ്റ് അടിയന്തര സേവനങ്ങളും കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

