തിരുവനന്തപുരം- മണിക്കൂറുകൾ നിർത്താതെ പെയ്ത കനത്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി. വെള്ളക്കെട്ടും മരംകടപുഴകി വീണും മതിലിടിഞ്ഞുമുണ്ടായ നാശനഷ്ടത്തിൽ നിരവധി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ മഴയാണിത്. നാരങ്ങാനത്ത് എഴുപത്തഞ്ച് കാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. തീരപ്രദേശ മേഖലകളിൽ കടലാക്രമണം ശക്തമാണ്. തലസ്ഥാനത്ത് പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചുപൂട്ടി.
ജില്ലയിലെ എല്ലാ നദികളും നിറകവിഞ്ഞൊഴുകുകയാണ്. ശ്രീകാര്യം, ചെബഴന്തി, തേക്കുംമൂട്, പാറ്റൂർ, കണ്ണമ്മൂല, തളിയൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും മരം വീടിന് മുകളിൽ കടപുഴകിവീണ് നാശനഷ്ടമുണ്ടാവുകയും ചെയ്തു. നഗരത്തിൽവെള്ളം കയറിയതോടെ റോഡ് മാർഗമുള്ള ഗതാഗതവും താറുമാറായി. ഹൗസിങ് ബോർഡ് ജംഗ്ഷൻ, ചാക്ക, കഴക്കൂട്ടം എന്നിവിടങ്ങളിലെ ഫയർഫോഴ്സ് യൂണിറ്റുകളാണ് ദുരന്ത സ്ഥലങ്ങളിലെത്തി രക്ഷാപ്രവർത്തനം നടത്തിയത്.
ജനങ്ങൾ വെള്ളക്കെട്ടിൽ, മന്ത്രിമാർ സുഖയാത്രയിൽ
ഓപ്പറേഷൻ അനന്തയും വെള്ളത്തിൽ
നവകേരള സദസിൻ്റെ തിരക്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും വയനാട്ടിലായതിനാൽ വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നപരിഹാരത്തിന് ആരും തിരിഞ്ഞുനോക്കാനില്ലെന്നാണ് നാട്ടുകാരുടെ പരാതി. 2015-ൽ തലസ്ഥാനത്ത് ആരംഭിച്ച പ്രളയ ലഘൂകരണ പദ്ധതിയായ ഓപ്പറേഷൻ അനന്ത നിർത്തലാക്കിയതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ കിഴക്കേകോട്ടയും തബാനൂരും വെള്ളക്കെട്ടിലാവും. പാവർവ്വതീ പുത്തനാറും മറ്റ് ചെറു ഓടകളുടെ നവീകരണവും പൂർത്തിയാക്കാത്തതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണം.
ഓപ്പറേഷൻ അനന്തയുടെ ഒന്നാം ഘട്ടം ഏറ്റെടുത്ത ജില്ലാ ഭരണകൂടവും തിരുവനന്തപുരം നഗരസഭയും റവന്യൂ വകുപ്പും ഉൾപ്പെടെയുള്ള ഏജൻസികൾ ഇപ്പോൾ പരസ്പരം കുറ്റപ്പെടുത്തുകയും പദ്ധതിയുടെ നടത്തിപ്പിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു. പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട നിർമാണങ്ങളും നിലച്ചു. നഗരത്തിൽ ചെറുമഴ പെയ്താൽ പോലും എസ്എസ് കോവിൽ, മാഞ്ഞാലിക്കുളം റോഡുകളിൽ ഉയരുന്ന വെള്ളക്കെട്ട് നാട്ടുകാർകാർക്കും വ്യാപാരികൾക്കും തലവേദനയായിരിക്കുകയാണ്. ഓപ്പറേഷൻ അനന്ത രണ്ടാംഘട്ടം ആരംഭിക്കാനുള്ള നടപടികൾ അന്നത്തെ ജില്ലാ കളക്ടർ ബിജു പ്രഭാകർ ആരംഭിച്ചെങ്കിലും കൈയ്യേറ്റക്കാരുൾപ്പെടെയുള്ളവരുടെ എതിർപ്പാണ് പദ്ധതി നടത്തിപ്പ് വൈകിപ്പിച്ചത്.

