Monday, June 3, 2024
spot_img

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിർത്തിവച്ചു; 27 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട്; ഗതാഗതം താറുമാറായി

ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കടുത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വിമാനത്താവളത്തിലേയ്ക്കുള്ള 27 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസ്സപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്

പൊടിക്കാറ്റിനെ തുടര്‍ന്ന് ദില്ലിയിലെ അന്തരീക്ഷ താപനിലയില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താപനിലയാണ് ദില്ലിയില്‍ അനുഭവപ്പെട്ടത്. എന്നാല്‍ പൊടിക്കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷ താപനിലയില്‍ കുറവ് വന്നിട്ടുണ്ട്. അര മണിക്കൂര്‍ കൊണ്ട് അന്തരീക്ഷ താപനിലയില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞു. ദില്ലി മെട്രോ നിര്‍ത്തിവയ്ക്കുകയും റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ദില്ലിക്ക് പുറമെ അതിര്‍ത്തി നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാണ്.

മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് പൊടിക്കാറ്റ് വീശുന്നത്. സമീപത്തുള്ള മരങ്ങള്‍ പലതും കാറ്റിനെ തുടര്‍ന്ന് റോഡിലേക്ക് വീണതും ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഉച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടത്. നേരെത്ത തന്നെ ദില്ലിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളയായി കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗുജറാത്ത് തീരത്തേക്ക് എത്തുന്ന വായു ചുഴലിക്കാറ്റിന്റെ സാമീപ്യവും അന്തരീക്ഷ താപനില കുറയുന്നതിന് ഇടയാക്കിയിട്ടുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ദില്ലി അടക്കം ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ കാറ്റും ചെറിയ മഴയുമുണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles