ദില്ലി: യുദ്ധമുഖത്ത് നിന്ന് നാട്ടിലേയ്ക്ക് കൂടുതൽപേർ. കേന്ദ്ര സർക്കാരിന്റെ ഓപറേഷൻ ഗംഗ വഴി യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റുമാനിയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം 29 മലയാളികൾ ഉൾപ്പെടുന്ന സംഘവുമായി ഇന്ന് പുലർച്ചെ ദില്ലിയിലെത്തി. വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്. തുടർന്ന് ഇവരെ കേരള ഹൗസിലേക്ക് മാറ്റി.
ഇതിൽ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് അയക്കുന്നത്. 16 പേർ വിമനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക് എത്തും. തിരുവനന്തപുരത്തേക്ക് ഉള്ളവർ വൈകുന്നേരം ദില്ലിയിൽ നിന്ന് യാത്ര തിരിക്കും. തിരികെ എത്തിയ മലയാളികളിൽ ഒരാൾ ദില്ലിയിലാണ് താമസം.

