Sunday, October 4, 2026

‘താരകേ മിഴിയിതളില്‍ കണ്ണീരുമായി… ” രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണയിൽ സംഗീതലോകം

മലയാളിക്ക് മറക്കാനാകാത്ത ഒരുപിടി ഈണങ്ങളും മനോഹരമായ പാട്ടുകളും സമ്മാനിച്ച സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 17 വര്‍ഷം തികയുകയാണ്(Raveendran Master Death Anniversary). കുളത്തുപ്പുഴ രവി എന്ന രവീന്ദ്രന്‍ മാസ്റ്റര്‍. ആമുഖങ്ങളാവശ്യമില്ലാത്ത മണ്‍മറഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്നു അദ്ദേഹം. മലയാള സിനിമാ സംഗീതത്തില്‍ അദ്ദേഹം ഒഴിച്ചിട്ട ഇരിപ്പിടം ഇന്നും ശൂന്യമാണ്. ക്ലാസിക് ടച്ചുള്ള മലയാള സിനിമാ ഗാനങ്ങള്‍ മലയാളി ഇന്നും കേള്‍ക്കുന്നതും മൂളുന്നതും മാസ്റ്റര്‍ ചിട്ടപ്പെടുത്തിയവയാണ്. സംഗീതസംവിധായകന്റെ പേര് പറഞ്ഞ് സംഗീത പ്രേമികള്‍ കാസറ്റുകള്‍ ചോദിച്ചു വാങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്.

സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയില്‍ പാടുവാന്‍ രവീന്ദ്രന് അവസരം നല്‍കിയത്. 1979ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത ചൂളയെന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ മാസ്റ്ററിന്റെ സംഗീതത്തെ മലയാളികള്‍ കേള്‍ക്കുന്നത്. കാല്‍പനികതയുടെ ലാളിത്യവുമുള്ള മധുരമനോഹരമായ പാട്ടുകള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ നമുക്ക് സമ്മാനിച്ചു.

അമരം, ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതത്തിന്റെ മാന്ത്രികത നമ്മിലേക്കെത്തിച്ചു. ഗാാനാലാപനത്തിന്റെ തലങ്ങളെ മലയാളിക്ക് പരിചിതമാക്കിയതും രവീന്ദ്രന്‍ മാസ്റ്റര്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഈണം പകര്‍ന്ന ഗാനങ്ങളില്‍ ഏറ്റവും ഉചിതമായ ശബ്ദത്തിന്റെ ആലാപന മാധുര്യത്തെ കൂട്ടിക്കലര്‍ത്തുകയാണ് രവീന്ദ്രന്‍ മാസ്റ്റര്‍ ചെയ്തത്. ശാസ്ത്രീയ സംഗീതത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിച്ച ഭരതത്തിലെ പാട്ടുകള്‍ക്ക് സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡും ലഭിച്ചു. പ്രമദവനം, സുഖമോ ദേവി, ഏഴുസ്വരങ്ങളും, രാമകഥാഗാനലയം, ദേവസഭാതലം, ഹരിമുരളീരവം, ഗംഗേ, ഘനശ്യാമമോഹന കൃഷ്ണാ തുടങ്ങി ഒരുപിടി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അതേ മാസ്റ്ററാണ് അഴകേ നിന്‍, മൂവന്തി താഴ്‌വരയില്‍, തേനും വയമ്പും, ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന, പത്തുവെളുപ്പിന്, ഒറ്റക്കമ്പിനാദം മാത്രം, ഒളിക്കുന്നുവോ തുടങ്ങിയ മെലഡികളും ഒരുക്കിയത്. ആല്‍ബത്തിനായി ഒരുക്കിയ മാമാങ്കം പലകുറി കൊണ്ടാടി എന്ന ഗാനവും മലയാളികള്‍ പാടിനടന്നു. ബട്ടര്‍ഫ്‌ളൈസ് എന്ന മോഹല്‍ലാല്‍ ചിത്രത്തിലെ വാവാ മനോരഞ്ജിനി എന്ന ഗാനം രചിച്ചത് മാസ്റ്ററായിരുന്നു. യേശുദാസുമായുള്ള ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങ്ങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്.

സത്യന്‍ അന്തിക്കാട് രചിച്ച ‘താരകേ മിഴിയിതളില്‍ കണ്ണീരുമായി ‘ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കി. ‘ഭരതം’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991ലെ സംസ്ഥാന പുരസ്‌കാരം നേടി. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ സംഗീത സംവിധാനത്തിനു പ്രത്യേക പ്രശംസയും നേടി. 2002ല്‍ സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

2002-ല്‍ നന്ദനത്തിലെ ഗാനങ്ങള്‍ക്ക് വീണ്ടും സംസ്ഥാന പുരസ്‌കാരം. ഗായികമാരില്‍ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങള്‍ കൂടുതല്‍ ആലപിച്ചത്. 2005 മാര്‍ച്ച് 3-ന് വൈകിട്ട് 3:30ന് ചെന്നൈയിലെ വസതിയിൽ വച്ചാണ് രവീന്ദ്രന്‍ അന്തരിച്ചത്. അര്‍ബുദ ചികിത്സയ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.

Related Articles

Latest Articles