Saturday, May 18, 2024
spot_img

“പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ആർ.ബിന്ദു മന്ത്രിസ്ഥാനം ഒഴിയണം: പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവരാവകാശനിയമ പ്രകാരം പുറത്തുവന്നിരിക്കുന്നത്” പ്രിന്‍സിപ്പല്‍ നിയമന വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കോട്ടയം : പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് വന്നു. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രി അനധികൃതമായി ഇടപെടുന്നുണ്ടെന്ന് മേയ് 17ന് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവരാവകാശനിയമ പ്രകാരം പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

‘‘ സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ല. ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പിഎസ്‌സി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ല. നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാക്കി. പട്ടിക അട്ടിമറിക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ട മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. അധികാര ദുരുപയോഗം നടത്തിയ മന്ത്രി സ്ഥാനമൊഴിയണം. നിയമനത്തില്‍ ഇടപെട്ടത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി സ്ഥാനം ഒഴിയാന്‍ മന്ത്രി തയാറാകണം.

പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രി അനധികൃതമായി ഇടപെടുന്നുണ്ടെന്ന് മേയ് 17ന് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവരാവകാശനിയമ പ്രകാരം പുറത്തുവന്നിരിക്കുന്നത്. പ്രിന്‍സിപ്പല്‍മാരെ നിയമിക്കാതെ ഇന്‍ ചാര്‍ജുമാരെ നിലനിര്‍ത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ മന്ത്രി തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. അദ്ധ്യാപികയായിരുന്ന കാലത്ത് മന്ത്രിയും ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പലായി ഇരുന്നയാളാണ്.

സംസ്ഥാനത്തെ 9 സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ല. സ്വന്തക്കാരെ വിസിമാരായി നിയമിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയ സര്‍ക്കാര്‍ ഇന്‍ ചാര്‍ജുകാരെ വച്ചിരിക്കുകയാണ്. 9 സര്‍വകലാശാലകളില്‍ വിസിമാര്‍ ഇല്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇതുവരെയുണ്ടായിട്ടില്ല. വിസി നിയമനത്തിനുള്ള നടപടികള്‍ ഇപ്പോള്‍ തുടങ്ങിയാല്‍ പോലും പൂര്‍ത്തിയാക്കാന്‍ ആറു മാസമെടുക്കും. മാര്‍ക്ക്, പ്രബന്ധ വിവാദങ്ങള്‍ വന്നതോടെ കേരളത്തിലെ സര്‍വകലാശാലകളുടെ വിശ്വാസ്യതയാണ് സര്‍ക്കാര്‍ തകര്‍ത്തത്. അതിന്റെ പ്രധാന ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമുണ്ട്’’– വി ഡി സതീശൻ പറഞ്ഞു.

Related Articles

Latest Articles