തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ കള്ളനോട്ടുകളുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസമിലെ ബർകറാണി മോറിഗോവൺ അഷ്‌റഫുൽ ആലം (32) ആണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾ തിരൂരങ്ങാടി ഓറിയന്റൽ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിൽ താമസിച്ചു വരികയാണ്. ഇവിടെ നിന്നുമാണ് 1,07,000 രൂപയുടെ നോട്ടുകൾ പൊലീസ് പിടികൂടിയത്. 500 രൂപയുടെ 178-ഉം 200 രൂപയുടെ 90-ഉം നോട്ടുകളാണ് പിടിച്ചെടുത്തത്.
അതേസമയം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

