Thursday, May 16, 2024
spot_img

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗില്‍ നിന്ന് സിപിഎം കൗൺസിലർ പണം മോഷിടിച്ച കേസ്; ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിച്ചേക്കും

ഒറ്റപ്പാലം: നഗരസഭയ്ക്കു നാണക്കേടായ മോഷണക്കേസില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. നഗരസഭാ കൗണ്‍സിലില്‍ ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്ന സിപിഎം വനിതാ അംഗത്തെ പ്രതിചേര്‍ത്തു പൊലീസ് ഒരാഴ്ചയ്ക്കകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. കടുത്ത രാഷ്ട്രീയ സമ്മര്‍ദം നിലനില്‍ക്കെ തല്‍ക്കാലം അറസ്റ്റിനു സാധ്യതയില്ലെന്നാണു വിവരം. വിരലടയാള പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ പൊലീസ് നുണപരിശോധനയ്ക്കുള്ള നടപടികളിലേക്കു നീങ്ങിയതോടെയാണു മോഷണക്കേസിന്റെ ചുരുളഴിഞ്ഞത്.

പൊലീസ് പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ജനപ്രതിനിധിയും മോഷണത്തിനിരയായ സ്ഥിരം സമിതി അധ്യക്ഷയും ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരാണെന്നിരിക്കെ പരാതി പിന്‍വലിച്ചു കേസ് ഒതുക്കാനുള്ള ഇടപെടല്‍ സജീവമാണ്.

കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയുടെ ഓഫിസ് മുറിയിലെ ബാഗില്‍ നിന്ന് 38,000 രൂപ മോഷ്ടിക്കപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ നഗരസഭാ ഓഫിസില്‍ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി 1.70 ലക്ഷം രൂപയും സ്വര്‍ണനാണയവും മോഷണം പോയിട്ടുണ്ടെന്നാണു കണക്ക്.

Related Articles

Latest Articles