Tuesday, April 30, 2024
spot_img

കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കും; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, മുന്നറിയിപ്പ് പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയസാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തിനു സമീപത്തായി 48 മണിക്കൂറിനകം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ ഫലമായി കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ദിവസം 20 സെന്റീമീറ്ററില്‍ കൂടുതലുള്ള അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ മഴക്കാലത്ത് ആദ്യമായാണ് സംസ്ഥാനത്ത് റെഡ്‌അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. മറ്റു ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പല ജില്ലകളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി അതിതീവ്ര മഴ പെയ്യുന്നത് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയിലേക്കു നയിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കും.

മുന്നറിയിപ്പ് പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയസാധ്യതയുള്ളതും കഴിഞ്ഞ പ്രളയത്തില്‍ മുങ്ങിപ്പോയതുമായ പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

മീന്‍പിടിത്തത്തിനു വിലക്ക്

വ്യാഴാഴ്ച വടക്ക്-പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകരുത്.

കടല്‍ പ്രക്ഷുബ്ധം

വ്യാഴാഴ്ചവരെ മൂന്നുമുതല്‍ മൂന്നര മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്ന് ഇന്‍കോയിസ് മുന്നറിയിപ്പ് നല്‍കി.

റെഡ് അലര്‍ട്ട് (അതിതീവ്ര മഴ)

വ്യാഴം- ഇടുക്കി, മലപ്പുറം,

വെള്ളി- പത്തനംതിട്ട, കോട്ടയം, ഇടുക്കി

ശനി- ഇടുക്കി, എറണാകുളം

ഓറഞ്ച് അലര്‍ട്ട് (അതിശക്തമായ മഴ)

വ്യാഴം- എറണാകുളം, കോഴിക്കോട്, കണ്ണൂര്‍

വെള്ളി- എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

ശനിയാഴ്ച- പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, വയനാട്

ഞായര്‍- പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി

യെല്ലോ അലര്‍ട്ട് (ശക്തമായ മഴ)

വ്യാഴം- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട്

വെള്ളി- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട്

ശനി- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ഞായര്‍- തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

Related Articles

Latest Articles