Tuesday, November 3, 2026

‘ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം, സത്യത്തിലേക്കുള്ളവഴി തർക്കമല്ല, സംവാദമാണ്’; സർസംഘചാലക് ഡോ. മോഹൻജി ഭാഗവത്

ബെംഗളൂരു: ഇന്ന് ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിലുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവത്. ഭാരതത്തിന്റെ ആഗോള ഉത്തരവാദിത്തത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞ അദ്ദേഹം, നിലവിലുള്ള ആഗോള ചട്ടക്കൂടുകൾ ഭാഗികമായ വീക്ഷണങ്ങൾ മാത്രമാണ് നൽകുന്നതെന്നും അവയ്ക്ക് മാത്രം ഇന്നത്തെ കാലഘട്ടത്തിലെ വെല്ലുവിളികളെ പൂർണ്ണമായി പരിഹരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ഭാരതീയ ശിക്ഷൺ മണ്ഡൽ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിൽ സംഘടിപ്പിച്ച “എൻ.ഇ.പി 2020 നടപ്പിലാക്കൽ: ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളുടെ സംയോജനം” എന്ന ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിനായി ഭാരതം പറയുന്നത് കേൾക്കാൻ ലോകം തയ്യാറാകേണ്ടത് അനിവാര്യമാണ്. ഭാരതീയ ശിക്ഷൺ മണ്ഡലിന്റെ പ്രവർത്തനമെന്നത് ഒരു വലിയ ദൗത്യത്തിലെ പങ്കാളിത്തമാണ്. നമ്മുടെ ദൗത്യം യഥാർത്ഥത്തിൽ ലോകത്തിന് പൂർണ്ണത നൽകുക എന്നതാണ്. മറ്റ് വീക്ഷണങ്ങളെ ഭാരതം തെറ്റായി കാണുന്നില്ല. എല്ലാവരും അവരുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ് കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നത്, അവയ്ക്ക് അതിന്റേതായ സാധുതയുമുണ്ട്. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഭാരതീയ ദർശനം ഇത്തരം എല്ലാ അനുഭവങ്ങളെയും സ്വാഗതം ചെയ്യുന്നു. സത്യം എന്നത് ഏതെങ്കിലും ഒരു വീക്ഷണത്തിൽ മാത്രം ഒതുങ്ങാൻ കഴിയാത്തത്ര വിശാലമാണ്. സത്യത്തിലേക്കുള്ളവഴി തർക്കമല്ല, സംവാദമാണ്. ഭാരതീയ വീക്ഷണങ്ങൾ പൂർണ്ണമാണ്, ഈ പൂർണ്ണതയ്ക്കായി ലോകം ഭാരതത്തെ കേൾക്കേണ്ടതുണ്ട് എന്ന് മോഹൻജി ഭാഗവത് പറഞ്ഞു.

എല്ലാറ്റിനെയും പണത്തിന്റെ അടിസ്ഥാനത്തിൽ അളക്കുന്നതിനും അപ്പുറം, മനുഷ്യനെ അതിന്റെ സമ്പൂർണ്ണതയിൽ കാണുന്ന ഒരു സമഗ്രമായ കാഴ്ചപ്പാടിലാണ് ഭാരതീയ ശിക്ഷൺ മണ്ഡൽ പ്രവർത്തിക്കുന്നത്.രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ചെയ്യാൻ കഴിയില്ലെന്നു കൂടി സർസംഘചാലക് ഓർമ്മിപ്പിച്ചു. അതേസമയം ചടങ്ങിൽ ഡോ. മോഹൻജി ഭാഗവത് ഭാരതീയ ശിക്ഷൺ മണ്ഡലിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ശിക്ഷൺമണ്ഡൽ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ് ജോഷി, ജനറൽ സെക്രട്ടറി ഡോ. ഭരത്ശരൺ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles